ആറ്റിങ്ങൽ: വാമനപുരം നദിയിൽ എല്ലാ വർഷവും വേനൽകാലത്ത് അനുഭവപ്പെടുന്ന നീരൊഴുക്ക് കുറയുന്നത് തടയാൻ ഡാം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പൂവമ്പാറയിൽ നിർമ്മിച്ചിട്ടുള്ള തടയണയുടെ ഉയരം താല്കാലികമായി കൂട്ടിയെങ്കിലും വലിയ പ്രയോജനമുണ്ടായില്ല. വേനൽമഴ പെയ്തതാണ് ഇടയ്ക്ക് ആശ്വാസമായത്.
കായലിൽ നിന്നുള്ള വെള്ളം കയറി കുടിവെള്ള പദ്ധതികളിൽ ഉപ്പ് കലരാതിരിക്കാനാണ് പൂവൻപാറ പാലത്തിന് സമീപം തടയണ നിർമ്മിച്ചത്. ഇത് ആറ്റിങ്ങൽ, വർക്കല താലൂക്കുകളിലെ പദ്ധതികൾക്ക് വേനലിൽ വലിയ ആശ്വാസമാണ്. എന്നാൽ തടയണയ്ക്ക് ആവശ്യത്തിന് ഉയരമില്ലാത്തതിനാൽ നദിയിലെ മറ്റ് പദ്ധതികൾ വേണ്ടത്ര വെള്ളം ലഭിക്കാറില്ല. പൂവമ്പാറയിൽ 3.4 മീറ്റർ ഉയരത്തിൽ തടയണ നിർമ്മിക്കാനായിരുന്നു ആദ്യം പദ്ധതി തയ്യാറാക്കിയത്. നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴുണ്ടായ എതിർപ്പിനെ തുടർന്ന് തടയണയുടെ ഉയരം 2.7 മീറ്ററായി പരിമിതപ്പെടുത്തി. ആവശ്യമെങ്കിൽ താല്കാലികമായി തടയണയുടെ ഉയരം കൂട്ടാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. എല്ലാവർഷവും തടയണയുടെ ഉയരം താല്ക്കാലികമായി ഉയർത്തുന്നുമുണ്ട്. അതിനായി ലക്ഷങ്ങളാണ് ചെലവിടുന്നത്. എന്നാൽ മഴ പെയ്ത് വെള്ളം നിറയുന്നതോടെ താല്ക്കാലികമായി ഉയരം കൂട്ടിയ ഭാഗം പൊട്ടി വെള്ളം വാർന്നു പോകും.
ഒരു വർഷത്തിനിടെ നിരവധി പുതിയ പദ്ധതികൾ വാമനപുരം നദിയിൽ വന്നിട്ടുണ്ട്. കഴക്കൂട്ടം, മേനംകുളം എന്നിവിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയും ഈ നദിയിൽ തന്നെയാണ്. നെടുമങ്ങാട് താലൂക്കിന്റെ പകുതിയിലധികം പ്രദേശങ്ങളിലും ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ മുഴുവൻ പ്രദേശത്തും കുടിവെള്ള വിതരണം നടത്തുന്നതിന് വെള്ളമെടുക്കുന്നത് ഇവിടെ നിന്നാണ്. ഇത്രയധികം പ്രയോജനപ്പെടുന്ന ഒരു ജലസ്രോതസായിട്ടും ഇതിലെ ജലം സംഭരിക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഗുണഭോക്താക്കളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.
നെടുമങ്ങാട് താലൂക്കിലെ ചെല്ലഞ്ചി കേന്ദ്രീകരിച്ച് ഒരു ഡാം നിർമ്മിക്കുന്നതിന് നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പിന്നീട് ഒരു നടപടിയുമുണ്ടായിട്ടില്ല. ഇവിടെ ഒരു മീറ്റർ ഉയരത്തിൽ ഒരു തടയണ മാത്രം നിർമ്മിച്ചിട്ടുണ്ട്. ജില്ലയിലെ മൂന്ന് താലൂക്കിലെ ജനങ്ങളുടെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് ഡാം നിർമ്മാണം അത്യാവശ്യമാണെന്ന നിലപാടിലാണ് നാട്ടുകാർ.