la

കിളിമാനൂർ: ചികിത്സയ്ക്ക് പണം ഇല്ലാതെ തെരുവിൽ ബോധരഹിതയായി കിടന്ന ദളിത് വൃദ്ധയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. കിളിമാനൂർ സ്വദേശി പൊടിച്ചി എന്ന് വിളിക്കുന്ന ലളിതയെ (72) കൈ രണ്ടായി മുറിഞ്ഞ് തൂങ്ങിയ നിലയിൽ കിളിമാനൂർ ജംഗ്ഷന് സമീപം റോഡ് സൈഡിൽ ശനിയാഴ്ച്ച രാത്രി 10.30ഓടെയാണ് കണ്ടെത്തിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് കിളിമാനൂർ മഹാദേവേശ്വരത്ത് വച്ച് വയോധികയെ അഞ്ജാത വാഹനം ഇടിച്ചിട്ട് നിറുത്താതെ പോയി. കൈക്ക് പരിക്കേറ്റ ഇവരെ പൊലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കയ്യിലെ അസ്ഥി പൊട്ടിയെന്നും കമ്പി ഇടുന്നതിനായി 14000 രൂപ ചിലവ് വരുമെന്നും അറിയിച്ചതോടെ പണമില്ലെന്ന് പറഞ്ഞ് കൈയിൽ ബാന്റേജ് ചുറ്റിയശേഷം ആശുപത്രിയിൽ നിന്ന് മടങ്ങിയെന്നാണ് വയോധിക പറയുന്നത്. ഇതിനുശേഷം ഭക്ഷണത്തിന് പോലും വകയില്ലാതെ ഭിക്ഷ യാചിച്ചായിരുന്നു തെരുവിൽ കഴിഞ്ഞിരുന്നത്. വീടോ,ബന്ധുക്കളോ ഇല്ലാത്ത വൃദ്ധ അപകടത്തിന് മുമ്പ് പുല്ല് അറുത്ത് വിറ്റ് കിട്ടുന്ന പണം കൊണ്ടായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. രാത്രികാലങ്ങളിൽ തട്ടുകടകളുടെ മേശകൾക്കടിയിലായിരുന്നു ഉറക്കം. ബോധരഹിതയായി റോഡ് സൈഡിൽ കിടന്നിരുന്ന വയോധികയെ നാട്ടുകാർചേർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.