p

കടയ്ക്കാവൂർ : രാത്രിയിൽ ബൈക്കിൽ കറങ്ങി നടന്ന് യാത്രക്കാരെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേരെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. ചിറയിൻകീഴ് പാറയടി ദേശത്ത് കോണത്തുവിള വീട്ടിൽ വിഷ്ണു (25), മണമ്പൂർ കവലയൂർ മാടൻ കോവിൽ കുഴിവാണംകോണം വിളയിൽ വീട്ടിൽ അഖിൽ അച്ചു (23) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം പാറയടി ജോയിയെ മാരകമായി പരിക്കേൽപ്പിച്ച് പണം അപഹരിച്ച കേസിലും നിലയ്ക്കാമുക്ക് സ്വദേശിയായ രാജുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസിലുമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ട പ്രതികളെ സാഹസികമായാണ് പിടികൂടിയത്. പിടിയിലായ വിഷ്ണു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കടയ്ക്കാവൂർ എസ്. എച്. ഒ അജേഷ്. വി, ഷാഫി, ജയകുമാർ, എസ്. സി. പി. ഒ സിയാദ്, അനീഷ്, ജ്യോതിഷ്കുമാർ, സി. പി. ഒ ഡാനി, ബിനു, സുജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.