യുവതി പ്രസവിച്ചത് ഞായറാഴ്ച വൈകിട്ട്

തിരുവനന്തപുരം : പത്തനംതിട്ട ചിറ്റാറിൽ റോഡരികിൽ പ്രസവിച്ച യുവതിയ്ക്ക് തണലായ ആരോഗ്യപ്രവർത്തക‌ർക്ക് മന്ത്രി വീണാ ജോർജിന്റെ അഭിനന്ദനം. ആശാപ്രവർത്തക സതി പ്രസാദ്, ജെ.പി.എച്ച്.എൻ. സി.കെ.മറിയാമ്മ, കനിവ് 108 ആംബുലൻസ് ജീവനക്കാരായ സുജിത്ത്, ജയേഷ്‌കുമാർ എന്നിവരെ ഫോണിൽ വിളിച്ചാണ് നിസ്വാർത്ഥ സേവനത്തിന് അഭിനന്ദനം അറിയിച്ചത്.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സീത്തോട് കൊടുമുടി കുന്നേൽപടിക്കൽ റോഡരികിൽ യുവതി കുഞ്ഞിന് ജന്മം നൽകിയത്. യുവതിയ്ക്ക് പ്രസവ തീയതിയായിരുന്നില്ല. ഒന്നര വയസുള്ള കുഞ്ഞിനോടൊപ്പം കൂട്ടുകാരിയുടെ വീട്ടിൽ പോയി വരുന്ന സമയത്താണ് യുവതിയ്ക്ക് പ്രസവ വേദന കലശലായത്.നിലവിളി കേട്ട് സമീപ പ്രദേശത്തുള്ളവർ ആശാ പ്രവർത്തക സതി പ്രസാദിനെ വിവരമറിയിച്ചു. ഉടൻ സതി പ്രസാദ് സ്ഥലത്തെത്തിയപ്പോഴേക്കും യുവതി പ്രവസവിച്ചു. ഉടൻ ആശാപ്രവർത്തക 108 ആംബുലൻസിന്റെ സഹായം തേടി.

ഇതേസമയം അടുത്ത വീട്ടിലെ അമ്പിളി ഗോപി, സിന്ധു ബിനു എന്നിവരും യുവതിയ്ക്ക് സഹായമായെത്തി. ഇതിനിടയിൽ ആബുലൻസും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെ ജെ.പി.എച്ച്.എൻ. സി.കെ.മറിയാമ്മയും എത്തി. യുവതിയെ ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ യുവതിയോടൊപ്പം നിൽക്കാൻ ആരുമില്ലാത്തിനാൽ രാത്രി മുഴുവൻ ആശാപ്രവർത്തക കൂട്ടിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും മന്ത്രി അറിയിച്ചു.