
നാഗർകോവിൽ: കോട്ടാറിൽ കഞ്ചാവും മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ. നാഗർകോവിൽ വല്ലൻക്കുമാരവിള സ്വദേശി അരവിന്ദ് (19), വിഷ്‌ണു (19) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ കൈയിൽ നിന്ന് ഒരു കിലോ നൂറുഗ്രാം കഞ്ചാവും 75 (nitrazepam) ഗുളികകളും കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നിർദേശത്തെ തുടർന്ന് എസ്.ഐ. മുത്തുകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് കൈമാറുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്. കോട്ടാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.