 അപ്രോച്ച് റോഡ് നിർമ്മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: നിർമ്മാണം അതിവേഗം പുരോഗമിക്കുന്ന കഴക്കൂട്ടം-ടെക്നോപാർക്ക് എലിവേറ്റഡ് ഹൈവേ ഓണത്തിന് തുറന്നേക്കും. സ്‌പാനുകളും ഗർഡറുകളും സ്ഥാപിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. ഫ്ളൈഓവറിന് ഇരുവശവുമുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണവും ആരംഭിച്ചു.

അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ഇരുവശവും റീട്ടെയ്‌നിംഗ് വാളുകൾ സ്ഥാപിച്ച് മണ്ണിട്ട് ഉയർത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മണ്ണിട്ട് ഉയർത്തലും ബലപ്പെടുത്തലും പൂർത്തിയാക്കി കാലവർഷത്തിന് മുമ്പ് കോൺക്രീറ്റ് ടാറിംഗ് ജോലികൾ കൂടി നടത്താനാണ് കമ്പനിയുടെ ലക്ഷ്യം. കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഭാഗമാണെങ്കിലും എലിവേറ്റഡ് കോറിഡോറെന്ന പ്രത്യേക പദ്ധതിപ്രകാരമാണ് പാത നിർമ്മിച്ചത്. ഭൂമി ഏറ്റെടുക്കലുൾപ്പെടെ 356 കോടി രൂപയാണ് ദേശീയ ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചത്. 200 കോടി രൂപയാണ് എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണച്ചെലവ്.

കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിക്ക് മുന്നിൽ നിന്ന് ആരംഭിക്കുന്ന പാത ടെക്നോപാർക്ക് ഫേസ് ത്രീക്ക് മുന്നിലാണ് അവസാനിക്കുക. സൈബർ സിറ്റിയായ കഴക്കൂട്ടത്തെയും ടെക്നോപാർക്കിന് മുന്നിലെയും ഗതാഗതക്കുരുക്കിന് ഇതോടെ സ്ഥിര പരിഹാരമാകും. കഴക്കൂട്ടം ജംഗ്ഷനിൽ ഫ്ളൈഓവറിന് ഇരുവശത്തും സർവീസ് റോഡുള്ളതിനാൽ വാഹനങ്ങൾക്ക് സിഗ്നൽ കാത്തുകിടക്കാതെ കടന്നുപോകാം. ബൈപ്പാസ് നിർമ്മാണത്തിന്റെ ഉദ്ഘാടന വേളയിൽ കേന്ദ്രമന്ത്രി നിതിൻ ഗ‌ഡ്കരി പ്രത്യേകമായി അനുവദിച്ചതാണ് പദ്ധതി.

എലിവേറ്റഡ് ഹൈവേ ഇങ്ങനെ

 കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിക്ക് മുന്നിൽ

നിന്ന് ടെക്നോപാർക്ക് ഫേസ് ത്രീ വരെ

 നീളം - 2.71കിലോമീറ്റർ വീതി - 21മീറ്രർ

 12 മീറ്റർ വീതം വീതിയിൽ സർവീസ് റോഡുകൾ

 എലിവേറ്റഡ് ഹൈവേക്കും സർവീസ് റോഡുകൾക്കുമായി

വേണ്ടിവന്നത് 1.95 ഹെക്ടർ സ്ഥലം

 ഓരോ മുപ്പത് മീറ്ററിലും പാലത്തെ താങ്ങിനിറുത്താനായി ആകെ 90 തൂണുകൾ

 ഫുട്പാത്ത്,​ഡിവൈഡർ,റിഫ്ലക്ടറുകൾ, കാമറ ഉൾപ്പെടെയുള്ള നിരീക്ഷണ - സുരക്ഷാ സംവിധാനങ്ങൾ.

മേയിൽ പൂർത്തിയാക്കേണ്ട ജോലികൾ

 എലിവേറ്റഡ് ഹൈവേയിലെ ടാറിംഗ്

 ഫുട്പാത്തിന്റെ നിർമ്മാണം

 ഇലക്ട്രിക്കൽ, വാട്ടർ സപ്ളൈ സംവിധാനങ്ങൾ

 റിഫ്ളക്ടറുകളും സൈൻബോർഡുകളും സ്ഥാപിക്കൽ

 പെയിന്റിംഗ് ഉൾപ്പെടെയുള്ളവ

'' പ്രതികൂല കാലാവസ്ഥയോ അവിചാരിതമായ തടസങ്ങളോ ഉണ്ടാകാത്ത പക്ഷം ആഗസ്റ്റിൽ കഴക്കൂട്ടം - ടെക്നോപാർക്ക് എലിവേറ്റഡ് ഹൈവേ തുറക്കാനാകും. കൊവിഡും ലോക്ക് ഡൗണും കാരണം ഒരുവർഷത്തിലധികം നിർമ്മാണ ജോലികൾ ഉദ്ദേശിച്ച നിലയിൽ പൂർത്തിയാക്കാൻ സാധിക്കാത്തതാണ് പദ്ധതി വൈകിച്ചത്. കൊവിഡാനന്തരം ജോലികൾ വേഗത്തിൽ പൂർത്തിയായി വരികയാണ്.

- പ്രോജക്ട് എൻജിനിയർ,

ദേശീയപാത അതോറിട്ടി