
നെയ്യാറ്റിൻകര: ഇടിഞ്ഞുവീഴാറായ വീട്ടിൽ കഴിയുന്ന വൃദ്ധ ദമ്പതികൾക്കും രോഗിയായ മകനും ആശ്വാസമായി നാട്ടുകാർ. നെയ്യാറ്റിൻകര നഗരസഭയിലെ മരുതത്തൂർ കീഴെവീട്ടിൽ ശ്രീധരൻ നായരുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥയെക്കുറിച്ച് കേരളകൗമുദി 23ന് വാർത്ത നൽകിയിരുന്നു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വാർഡ് കൗൺസിലർ ടി. ബിനുകുമാറിന്റെ നേതൃത്വത്തിൽ മരുതത്തൂർ സേവാസമിതിക്ക് രൂപം നൽകിയാണ് കുടുംബത്തിന് വീടുവച്ച് നൽകാൻ തീരുമാനിച്ചത്. 15 സെന്റ് വസ്‌തുവിന്റെ ഒരു വശത്തുള്ള മൂന്ന് സെന്റിൽ നിർമ്മിക്കുന്ന വീടിന്റെ കല്ലിടൽകർമ്മം കഴിഞ്ഞ ദിവസം നടന്നു. കൂട്ടുകുടുംബ വ്യവസ്ഥയിൽ ശ്രീധരൻനായർക്കും സഹോദരങ്ങൾക്കും അവകാശപ്പെട്ടതാണ് വീടും സ്ഥലവും. എന്നാൽ ശ്രീധരൻനായർക്ക് പ്രത്യേക ഉടമസ്ഥാവകാശ രേഖകളൊന്നുമില്ലാത്തതിനാൽ നഗരസഭാ അധികൃതർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാർ സംരംഭമേറ്റെടുത്തത്.
ശ്രീധരൻ നായർ ശ്വാസകോശ രോഗം ബാധിച്ച് കിടപ്പിലാണ്. ഭാര്യ ലളിതമ്മയും വർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മകൻ സതീഷ് കുമാറിന് ശരീരത്തിലുണ്ടാകുന്ന വലിയ മുഴകളും തുടർന്നുണ്ടാകുന്ന വ്രണങ്ങളും കാരണം ജോലിക്ക് പോകാൻ കഴിയാതായി. കാഴ്ചശക്തി കുറഞ്ഞതോടെ പുറത്തുപോകാനും സതീഷിന് കഴിയുന്നില്ല. സർക്കാരിൽ നിന്ന് കിട്ടുന്ന പെൻഷൻ മാത്രമാണ് ഇവരുടെ ഏക ആശ്വാസം.