kkk

ഉദ്യോഗസ്ഥരുടെ അന്വേഷണതന്ത്രം പൊളി​ഞ്ഞു

തിരുവനന്തപുരം: റേഷൻ കടകളിൽ നിന്ന് അരികടത്ത് സംഭവങ്ങൾ വീണ്ടും ഉണ്ടായ സാഹചര്യത്തിൽ എല്ലാ റേഷൻ കടകളിലും വ്യാപകമായി പരിശോധന നടത്താൻ മന്ത്രി ജി.ആർ. അനിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നി‌ർദ്ദേശം നൽകി. പാച്ചല്ലൂരിൽ നിന്നു പട്ടാപ്പകൽ അരി കടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണവും ഉണ്ടാകും. പാച്ചല്ലൂരിലെ അരി കടത്ത് സംബന്ധിച്ച് കേസ് പൊലീസിനു കൈമാറാൻ താലൂക്ക് സപ്ളൈ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കുറ്റക്കാരായ എല്ലാവർക്കുമെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ സപ്ലൈഓഫീസർ ഉണ്ണികൃഷ്ണൻ പറ‌ഞ്ഞു. കേരളകൗമുദി വാർത്തകളെ തുടർന്നാണ് നടപടി.

സംസ്ഥാനത്ത് റേഷൻ കടകളിൽ നിന്ന് അരി കടത്ത് വീണ്ടും ആരംഭിച്ച വിവരം തെളിവു സഹിതം പുറത്തു വന്നിട്ടും പൊലീസ് അന്വേഷണം നടത്താത്തതിനെക്കുറിച്ച് ഇന്നലെ കേരളകൗമുദി വാർത്ത നൽകിയിരുന്നു. വകുപ്പുതല അന്വേഷണം നടത്തി പതിവുപോലെ തട്ടിപ്പ് തേച്ചുമാച്ച് കളയാനുള്ള നീക്കത്തിനാണ് മന്ത്രി തടയിട്ടത്.

റേഷൻകടയിൽ അളവിൽ കൂടുതൽ അരി സംഭരിച്ചശേഷം അവിടെവച്ചുതന്നെ ഭക്ഷ്യവകുപ്പിന്റെ മുദ്ര‌യില്ലാത്ത മറ്റ് ചാക്കുകളിലാക്കി സ്വകാര്യ വാഹനത്തിൽ കടത്തുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി. പാച്ചല്ലൂരിലെ റേഷൻ അരി തട്ടിപ്പോടെയാണ് ഇത് വ്യക്തമായത്. റേഷൻകടക്കാരനെ മാത്രം ബലിയാടാക്കാനും ബന്ധമുള്ള ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്താതിരിക്കാനുമാണ് കേസ് പൊലീസിന് കൈമാറാതിരുന്നത്. പൊലീസ് അന്വേഷണത്തിൽ അരി ആർക്കു വേണ്ടി, ആരുടെ സഹായത്തോടെ, എത്രത്തോളം കടത്തിക്കൊണ്ടുപോയി എന്നൊക്കെ അറിയാനാകുമെന്നാണ് പ്രതീക്ഷ.

തട്ടിപ്പ് വഴി

 കൂടുതൽ അളവിൽ അരി ലഭിക്കുന്ന മുൻഗണനാ വിഭാഗക്കാരിൽ നിന്ന് ചെറിയ തുക കൊടുത്ത് വാങ്ങി സൂക്ഷിക്കും

 സ്റ്റോക്കില്ലെന്ന സ്ഥിരം നമ്പരിറക്കി ഉപഭോക്താവിനെ മടക്കിഅയച്ച് ധാന്യം വസൂലാക്കും

 റേഷൻ വാങ്ങാത്തവരെ കണ്ടെത്തി വ്യക്തിപരമായി സ്വാധീനിച്ച് ഇ - പോസ് വഴി തന്നെ ഇടപാട് നടത്തിക്കും

ഇതിനൊക്കെ പുറമെയാണ് അളവിൽ കൂടുതൽ അരി സൂക്ഷിച്ച ശേഷമുള്ള കടത്ത്, അതിന് റേഷനിംഗ് ഉദ്യോഗസ്ഥരുടെ ഒത്താശ അനിവാര്യമാണ്

''ആരൊക്കെയാണോ അരി കടത്തിന് സഹായം നൽകിയത്, അവരെയെല്ലാം നിമയത്തിനു മുന്നിൽ കൊണ്ടുവരും''

-ജി.ആർ.അനിൽ,

ഭക്ഷ്യമന്ത്രി