വിഴിഞ്ഞം: തിരുവല്ലത്ത് ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. മേനിലം പുഞ്ചക്കരി തിരുവഴിമുക്ക് സ്വദേശിക്കാണ് മലേറിയ ബാധ. മുംബയിൽ നിന്നു നാട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗ ബാധയെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. രോഗബാധിതനായി പുറത്തു നിന്നു വന്നതിനാൽ ആശങ്ക വേണ്ടെന്നും സ്ഥലത്ത് പ്രതിരോധ പ്രവർത്തനം തുടങ്ങിയെന്നും അധികൃതർ അറിയിച്ചു. ഈ മാസം 15 ന് സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥന് പനിയുടെ ലക്ഷണം തുടങ്ങി. ആശുപത്രി ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിലാണ് മലേറിയ രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. പ്രതിരോധ ഭാഗമായി സമ്പർക്കപ്പട്ടികയിലുള്ളവരുടേത് അടക്കം രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. കൂടാതെ പ്രദേശത്ത് സർവേ നടത്തി 170 ലേറെ സാമ്പിളുകളും ശേഖരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.മിന്നു ജേക്കബ്, എച്ച്ഐ: വി.എൽ.റോയി എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.