
തിരുവനന്തപുരം: പരീക്ഷാർത്ഥികളെ അധികം ബുദ്ധിമുട്ടിക്കാതെ പത്താംക്ളാസ് രസതന്ത്ര പരീക്ഷ നടന്നു. മോഡൽ പരീക്ഷ എഴുതിയ, നന്നായി റിവിഷൻ നടത്തിയ കുട്ടികൾക്ക് പരീക്ഷ വളരെ എളുപ്പമായിരുന്നു. ഒന്നാം ചാപ്റ്ററിൽ നിന്ന് ഒരു മാർക്കിന്റെ തന്നെ ഒൻപതോളം ചോദ്യങ്ങളും അതിൽ നാലെണ്ണത്തിന് ചോയ്സുമുണ്ടായത് കുട്ടികൾക്ക് ഏറെ പ്രയോജനമായി. പൊതുവിൽ കടുപ്പമേറിയ ഓർഗാനിക് കെമിസ്ട്രി സെക്ഷനിലെ ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണം, ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനം, മോൾ സങ്കല്പനം എന്നീ പാഠഭാഗങ്ങളിൽ നിന്നെല്ലാമുള്ളത് എളുപ്പമുള്ള ചോദ്യങ്ങളായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഒരല്പം ചിന്തിച്ചെഴുതുന്നവർക്ക് എ പ്ളസ് എന്നത് ബാലികേറാമലയല്ലെന്ന് രസതന്ത്രം അദ്ധ്യാപകരും സമ്മതിക്കുന്നു. 40 മാർക്കിന്റെ പരീക്ഷയ്ക്ക് ഒന്നര മണിക്കൂറായിരുന്നു സമയം. നാളെ പത്താം ക്ളാസുകാർക്ക് ബയോളജി പരീക്ഷയാണ്.