തിരുവനന്തപുരം: എൻജിനിയറിംഗ് കോളേജിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിനെ നഗരാസൂത്രണത്തിന്റെ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം തലസ്ഥാനം സന്ദർശിക്കും. ഈ മാസം ഉചിതമായ ദിവസം അറിയിക്കാൻ ആവശ്യപ്പെട്ട് തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബുവിന് നഗരാസൂത്രണ വിഭാഗം അഡിഷണൽ ചീഫ് നരേഷ് കുമാർ ധിരൻ അയച്ച കത്തിലാണ് ഈ വിവരമുള്ളത്. എൻജിനിയറിംഗ് കോളേജിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിനെ നഗരാസൂത്രണത്തിന്റെ മികവിന്റെ കേന്ദ്രമായി ഉയർത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി കേന്ദ്ര നഗരാസൂത്രണ മന്ത്രി ഹർദീപ് സിംഗ് പുരിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.