kerasla-university

 ഗവർണർ വിശദീകരണം തേടി

തിരുവനന്തപുരം: ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക നൽകി കേരള സർവകലാശാല കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയിലെ സിഗ്നൽസ് ആൻഡ് സിസ്റ്റംസ് എന്ന വിഷയത്തിന്റെ പ്രത്യേക പരീക്ഷ റദ്ദാക്കി. മേയ് മൂന്നിന് വീണ്ടും നടത്തും.

കൊവിഡ് ബാധിച്ച് എഴുതാൻ കഴിയാതിരുന്ന ഒരു വിദ്യാർത്ഥിക്ക് മാത്രമായി നടത്തിയ പരീക്ഷയിലാണ് ഈ പിശകുണ്ടായത്. സെന്ററിലേക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക അയച്ചുകൊടുക്കുകയായിരുന്നു. മൂല്യനിർണയം നടത്തിയ അദ്ധ്യാപകൻ പരീക്ഷാ കൺട്രോളറെ അറിയിച്ചപ്പോഴാണ് വീഴ്ച പുറത്തറിഞ്ഞത്. സംഭവത്തെക്കുറിച്ച് സർവകലാശാല അന്വേഷണം തുടങ്ങി.

കണ്ണൂർ, കേരള സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളെക്കുറിച്ച് ചാൻസലറായ ഗവ‌ർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ്ചാൻസലർമാരോട് വിശദീകരണം തേടി. കഴിഞ്ഞ വർഷത്തെ ചോദ്യങ്ങൾ അതുപോലെ ആവർത്തിച്ചതാണ് കണ്ണൂർ സർവകലാശാലയെ വിവാദത്തിലാക്കിയത്. പഴയ ചോദ്യപ്പേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തിയത് വിവാദമായതിനെ തുടർന്ന് മൂന്നു പരീക്ഷകൾ സർവകലാശാല റദ്ദാക്കി. സൈ​ക്കോ​ള​ജി,​ ​ബോ​ട്ട​ണി പ​രീ​ക്ഷ​ക​ളു​ടെ​ ​ന​ട​ത്തി​പ്പി​ലാണ് വീഴ്ചയുണ്ടായത്. ​ചോ​ദ്യം​ ​ത​യ്യാ​റാ​ക്കി​യ​ ​അ​ദ്ധ്യാ​പ​ക​ർ​ ​പ​ഴ​യ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​വ​ർ​ഷം​ ​മാ​ത്രം​ ​മാ​റ്റി​ ​ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്നാണ് കണ്ടെത്തൽ.