1

പൂവാർ: പുതിയതുറ സെന്റ് നിക്കോളാസ് (കൊച്ചെടത്വാ) ദേവാലയത്തിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് 29 ന് കൊടിയേറും. അന്ന് വൈകിട്ട് 5.30ന് വെഞ്ചരിച്ച പതാകയുമായി കുരിശടിയിൽനിന്ന് ദൈവാലയത്തിലേക്ക് പ്രദക്ഷിണം നടക്കും. വൈകിട്ട് 6ന് നടക്കുന്ന കൊടിയേറ്റിന് ഇടവവികാരി ഫാ.സജുറോൾഡൺ നേത്യത്വം നൽകും. തുടർന്ന് ദിവ്യബലി. രാത്രി 10ന് നാടകം. 30ന് രാത്രി 9ന് മതബോധനവാർഷികം. തിരുനാൾ ദിവസങ്ങളിൽ രാവിലെ 6 നും 10.30 നും വൈകിട്ട് 6നും ജപമാല, ദിവ്യബലി, നൊവേന എന്നിവ നടക്കും. രാവിലെയുള്ള ചടങ്ങുകൾ ദൈവാലയത്തിലും. വൈകിട്ടുള്ള ചടങ്ങുകൾ കടപ്പുറത്തെ മൈതാനത്തുമാണ് നടക്കുന്നത്. ദിവ്യബലികൾക്ക് സൂഫസ് പയസ്, സി.വിൽഫ്രഡ്, ഡോ.ഡൈസൺ, ഡോ.അഗസ്റ്റിൻ, ഡോ.ഗ്ലാഡിൻ അലക്‌സ്, ടി.നിക്കോളാസ് തുടങ്ങിയവർ നേത്യത്വം നൽകും. 30ന് ലണ്ടനിലെ ഈസ്റ്റഹോം സെന്റ് മൈക്കിൾ ദൈവാലയത്തിലും തിരുനാൾ ആഘോഷിക്കും. മേയ് 1ന് യു.എ.ഇ ഷാർജ സെന്റ് മൈക്കിൾ ദൈവാലയത്തിലും ഇസ്രായേൽ റാറ്റിസ് ബോൺ ആശ്രമ ദൈവാലയത്തിലും തിരുനാൾ ആഘോഷങ്ങൾ നടക്കും. വിദ്യാഭ്യാസ ദിനമായി മേയ് 2 ഉം, കുടുംബ ദിനമായി മേയ് 3 ഉം, 4 സമുദായ ദിനമായും, 5 ദൈവവിളി ദിനമായും, 6 പ്രവാസി ദിനമായും, 7 യുവജനദിനമായും ആചരിക്കും. അന്ന് വൈകിട്ട് ഗീവർഗീസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും. തിരുനാൾ ദിനമായ 8ന് പുതിയതുറ നിവാസികൾക്കായി ഗീവർഗീസ് സഹദയുടെ തിരുനാൾ ആഘോഷം നടക്കും. വൈകിട്ട് 6ന് ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ. നെറ്റോയുടെ പൊന്തിഫിക്കൽ ദിവ്യബലിയോടെ തിരുനാൾ സമാപിക്കും. തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.