
തിരുവനന്തപുരം: യുദ്ധക്കെടുതിയിൽ വലയുന്ന യുക്രെയിനിലേക്ക് മെഡിക്കൽ സേവനത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഓർത്തോപീഡിക് വിഭാഗത്തിലെ പ്രൊഫസർ ഡോ.എസ്.എസ്.സന്തോഷ്‌കുമാർ ഇന്ന് യാത്രതിരിക്കും. ദുരന്തമേഖലകളിൽ സഹായം എത്തിക്കുന്ന യു.എന്നിന്റെ പ്രത്യേക ദൗത്യസംഘത്തിൽ മെഡിക്കൽ വിഭാഗം ഡയറക്ടറാണ് സന്തോഷ്. രണ്ടു മാസത്തേക്കാണ് സേവനം. ഇതിനായി ആരോഗ്യവകുപ്പ് അവധി അനുവദിച്ചു.
ഇന്നുപുലർച്ചെ 4.30ന് എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കും തുടർന്ന് വൈകിട്ട് 5.30തോടെ പോളണ്ടിലെ ക്രക്കോവിലും എത്തും. അവിടെ നിന്ന് റോഡ് മാർഗം യുക്രെയിന് സമീപത്തെ ലബീബിലെത്തും. അവിടെയാണ് യു.എൻ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ദുരന്ത മേഖലകളിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സന്നദ്ധ സംഘടനയുടെ സൗത്ത് ഏഷ്യൻ വൈസ് പ്രസിഡന്റായ സന്തോഷ് ഇതിനകം നിരവധി സ്ഥലങ്ങളിൽ സന്നദ്ധപ്രവർത്തനം നടത്തിയിട്ടുണ്ട്.
കൊവിഡ് കാലത്ത് കാസർകോടും മഹാരാഷ്ട്ര സർക്കാരിന് വേണ്ടി മുംബയിലും കൊവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രി സജ്ജീകരിക്കുന്നതിന് നേതൃത്വം നൽകി. ആഫ്രിക്കയിലെ ആഭ്യന്തര കലാപഭൂമികൾ, സുഡാനിലെ വംശഹത്യാ പ്രദേശങ്ങൾ, ചുഴലിക്കാറ്റ് വീശിയടിച്ച തെക്കൻ ശാന്തസമുദ്രത്തിലെ വാന്വാറ്റ ദ്വീപുകൾ, യുദ്ധവും സുനാമിയും അഗ്നിപർവത സ്‌ഫോടനവും ഭൂകമ്പവും ദുരന്തം സൃഷ്ടിച്ച ഇന്തോനേഷ്യ, പട്ടിണിയും യുദ്ധവും തകർത്ത സോമാലിയ, ഭൂകമ്പം തകർത്ത നേപ്പാൾ, എബോള പടർന്നു പിടിച്ച സിയറ ലിയോൺ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ സന്തോഷ് എത്തിയിട്ടുണ്ട്.