കൊല്ലം: മിമിക്രി മത്സരങ്ങൾ മികച്ച നിലവാരത്തിലേക്ക് ഉയർന്നപ്പോൾ വിധി നിർണയം പ്രയാസകരമായെന്ന് വിധികർത്താക്കൾ. സിനിമാതാരങ്ങളുടേതായാലും ഉപകരണങ്ങളുടെതായാലും പ്രൊഫഷണൽ മികവോടെയാണ് പല കുട്ടികളും അവതരിപ്പിച്ചത്. മിമിക്രി നടന്ന എസ്.എൻ കോളേജിലെ പ്രധാനവേദിയായ കെ.പി.എ.സി ലളിത ന​ഗർ രാവിലെ തന്നെ നിറഞ്ഞിരുന്നു. പത്തുവർഷത്തിനിടെ യൂണിവേഴ്സിറ്റി കലോത്സവത്തിൽ കണ്ട മികച്ച നിലവാരമുള്ള മത്സരമായിരുന്നുവെന്ന് വിധികർത്താക്കളിലൊരാളായ ജോസഫ് വിൽസൺ ഡാനിയേലും വിധി നിർണയിക്കാൻ പലപ്പോഴും പ്രയാസപ്പെട്ടെന്ന് മറ്റൊരു ജഡ്ജ് മണിക്കുട്ടൻ ചവറയും പറഞ്ഞു. മത്സരം കാണാൻ മുൻകാല മിമിക്രി ജേതാക്കളുമെത്തിയിരുന്നു.