വർക്കല: പൊതുപ്രവർത്തകർക്ക് എക്കാലവും മാതൃകയാണ് വർക്കല രാധാകൃഷ്ണനെന്ന് രമേശ് ചെന്നിത്തല. വർക്കല രാധാകൃഷ്ണന്റെ 12-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഗൂഗിൾമീറ്റിലൂടെ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ തത്വങ്ങളിൽ അധിഷ്ഠിതമായ നിയമനിർമ്മാണങ്ങളിൽ ശ്രദ്ധ ചെലുത്തിക്കൊണ്ടുളള പാർലമെന്ററി പ്രവർത്തനമായിരുന്നു വർക്കല രാധാകൃഷ്ണന്റേത്. പാർലമെന്റിൽ സി.പി.എമ്മിന്റെ ഒരലങ്കാരമായിരുന്നു അദ്ദേഹം. സ്പീക്കറായിരുന്നപ്പോൾ ചട്ടവിരുദ്ധമായ ഒരു കാര്യവും അനുവദിച്ചിരുന്നില്ല. നിയമനിർമ്മാണം കുറ്റമറ്റതായിരിക്കണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. ആർക്കും എപ്പോഴും സമീപിക്കാവുന്ന ഒരു വ്യക്തിത്വമായിരുന്നു വർക്കല രാധാകൃഷ്ണന്റേതെന്ന് അദ്ധ്യക്ഷത വഹിച്ച ജസ്റ്റിസ് എ.ലക്ഷ്മിക്കുട്ടി പറഞ്ഞു. എൻ.ജി.ഒ കോൺഫഡറേഷൻ ചെയർമാൻ കെ.എൻ.ആനന്ദകുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാസുന്ദരേശൻ, എം.മോഹനൻ, ജെ.ഉമാശങ്കർ എന്നിവർ സംസാരിച്ചു. വർക്കല രാധാകൃഷ്ണൻ ഫൗണ്ടേഷൻ ചെയർമാൻ വി.വിമൽപ്രകാശ് സ്വാഗതവും ഹരി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.