നെടുമങ്ങാട്:നെടുമങ്ങാട് നഗരത്തിന്റെ മാസ്റ്റർ പ്ലാനിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. 30 വർഷത്തേക്കുള്ള വികസന സങ്കല്പങ്ങൾ കൂട്ടിച്ചേർത്താണ് മാസ്റ്റർ പ്ലാൻ.
റോഡുകളുടെ വിപുലീകരണം, കണക്ടിവിറ്റി, നാലുവരിപ്പാത എന്നിവ ഉറപ്പാക്കിയും കോടതി സമുച്ചയം, മിനിസിവിൽ സ്റ്റേഷൻ, ജില്ലാ ആശുപ്രത്രി നവീകരണം, ടൗൺ പാർക്ക്,കൺവെൻഷൻ സെന്റർ, ബസ് ടെർമിനൽ,ആധുനിക മാർക്കറ്റ്,ഹോൾസെയിൽ മത്സ്യമാർക്കറ്റ്, ആധുനിക അറവുശാല, കാർഷികോല്പന്ന സംഭരണ- വിതരണ കേന്ദ്രം,കളിസ്ഥലം തുടങ്ങി പ്രധാന കേന്ദ്രങ്ങളെ ഉപനഗരങ്ങളാക്കി മാറ്റും. സമ്പൂർണ്ണ കുടിവെള്ള പദ്ധതി, ടൗൺ സൗന്ദര്യവത്കരണം, മേൽപ്പാലം,ടൂറിസം, ചെറുകിട വ്യവസായ സംരംഭങ്ങൾ, കൃഷിഭൂമിയുടെ സംരക്ഷണം എന്നിവയുൾപ്പെടെ 39 വാർഡുകളുടെയും പ്രത്യേകതകൾക്കനുസരിച്ചുള്ള വികസനം,മെയിന്റനൻസ് എന്നിവ സാദ്ധ്യമാക്കുകയാണ് ലക്ഷ്യം. കരട് മാസ്റ്റർപ്ലാൻ സംബന്ധിച്ച അഭിപ്രായങ്ങളും ആക്ഷേപങ്ങളും ക്ഷണിക്കുകയും അഭിപ്രായങ്ങളും ആക്ഷേപങ്ങളും സംബന്ധിച്ച് മന്തി ജി.ആർ.അനിലിന്റെ സാന്നിദ്ധ്യത്തിൽ വിപുലമായ യോഗം ചേരുകയുമുണ്ടായി. അതിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ പരിഗണിച്ചും മുനിസിപ്പൽ കൗൺസിലിന്റെ അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസർ ആവശ്യമായ മാറ്റങ്ങൾ വരുത്തി.ജില്ലാ പ്ലാനിംഗ് ബോർഡിന് സമർപ്പിക്കുകയും ജില്ലാ പ്ലാനിംഗ് ബോർഡിന്റെ ശുപാർശയോടെ മാസ്റ്റർ പ്ളാൻചീഫ് ടൗൺ പ്ലാനർക്ക് സമർപ്പിക്കുകയുമായിരുന്നു.