flower

തിരുവനന്തപുരം: കേരള ഗെയിംസിന്റെ ഭാഗമായി കനകക്കുന്നിൽ ഏപ്രിൽ 29 മുതൽ മേയ് 10 വരെ സംഘടിപ്പിക്കുന്ന ഫ്ളവർഷോയ്ക്കുള്ള പൂക്കളെത്തി. കുമളി സ്വദേശി ഷാജി മണ്ണാറത്തറയുടെ സംരംഭമായ മണ്ണാറത്തറയിൽ ഗാർഡൻസിൽനിന്നുമുള്ള 100ൽപരം പൂച്ചെടികളാണ് മേളയിൽ അണിനിരക്കുക. ഡച്ച് റോസ്, സീനിയ, മേരിഗോൾഡ്, സലേഷ്യ, ഓർണമെന്റൽ കെയ്ൽ, ടൊറിനോ, ഡയാന്തസ് ക്രിസാന്തിയാം, പിറ്റിയൂണിയ എന്നിവയാണ് പ്രധാനയിനങ്ങൾ.

കനകക്കുന്ന് പ്രവേശനകവാടം മുതൽ കൊട്ടാരത്തിനു ചുറ്റുമായി 15,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കാണികൾക്കായി പൂങ്കാവനം ഒരുങ്ങുന്നത്. ചെടികൾനിരത്തുന്നതിനുള്ള സ്റ്റാൻഡുകളുടെ നിർമ്മാണമുൾപ്പെടെയുള്ള തയ്യാറെടുപ്പുകളും പൂർത്തിയായി. കെ.ഒ.എ എക്സ്പോയ്ക്കുള്ള സ്റ്റാളുകളുടെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. സ്പോർട്സ് എക്സ്പോ, കമേഴ്ഷ്യൽ സ്റ്റാളുകൾ, സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ, കെട്ടിട നിർമ്മാണ-ഫർണിച്ചർ,​ ഓട്ടോമൊബൈൽ,​ക്രോക്കറി വസ്തുക്കളുടെ സ്റ്രാളുകൾ എന്നിവയാണ് സന്ദർശകർക്കായി ഒരുങ്ങുന്നത്. കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിന് സമീപത്തും കൊട്ടാരത്തിന് പിറകിലുമായാണ് സ്റ്റാളുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം മാംഗോ ഫെസ്റ്റ്,​ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷ്യമേള, കേരള മത്സ്യബന്ധന വകുപ്പും, സ്വകാര്യ സ്ഥാപനവും ചേർന്നൊരുക്കുന്ന അലങ്കാരമത്സ്യ മേള എന്നിവയും എക്സ്പോയുടെ ഭാഗമാകും.