കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡായ മരുതിക്കുന്നിൽ മെയ് 17ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക നൽകി. എൽ.ഡി.എഫ് - എച്ച്. സവാദ്,യു.ഡി.എഫ്- ബി.രാമചന്ദ്രൻ, (ഉണ്ണി), ബി.ജെ.പി - രാജീവ്, ഐ.ആർ.എസ്.ഡി.പി.ഐ- എം.നസീറുദ്ദീൻ എന്നിവരാണ് മത്സരിക്കുന്നത്. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾ നാവായിക്കുളം പഞ്ചായത്തിൽ അസിസ്റ്റന്റ് വരണാധികാരി ജെ.സന്തോഷ് കുമാറിനും എസ്.ഡി.പി.ഐ സ്ഥാനാർഥി വർക്കല രജിസ്ട്രാറിനുമാണ് പത്രിക നൽകിയത്. എൽ.ഡി.എഫ് അംഗം രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. 18നാണ് വോട്ടെണ്ണൽ.

എൽ.ഡി.എഫ് സ്ഥാനാർഥി സവാദിനൊപ്പം പത്രിക നൽകാൻ വി. ജോയി എം.എൽ.എ, മടവൂർ അനിൽ, ബി.സത്യൻ, എസ്.ജയചന്ദ്രൻ, ജി.വിജയകുമാർ, ഇ.ജലാൽ, മുല്ലനല്ലൂർ ശിവദാസൻ, ബേബീരവീന്ദ്രൻ, എസ്.സുധീർ, എസ്.സാബു എന്നിവരും

യു.ഡി.എഫ് സ്ഥാനാർഥി ബി. രാമചന്ദ്രനോടൊപ്പം നേതാക്കളായ ബ്ലോക്ക്‌ പ്രസിഡന്റ് എം.എം താഹ, ഡി.സി.സി സെക്രട്ടറി ഇ.റിഹാസ്, മണ്ഡലം പ്രസിഡന്റ് കുടവൂർ നിസാർ, ഗോപാലകൃഷ്‌ണൻ നായർ, അഡ്വ.സന്തോഷ്‌ കുമാർ, എസ്.മണിലാൽ, വാർഡ്‌ മെമ്പർമാരായ സുഗന്ധി, റീന ഫസൽ, നിസാ നിസാർ, നഹാസ്, റഫീക്ക ബീവി തുടങ്ങിയവരും

ബി.ജെ.പി സ്ഥാനാർഥി രാജീവിനൊപ്പം ‌ നേതാക്കളായ ബി.ജെ.പി സംസ്ഥാന സമിതിയംഗം തോട്ടയ്‌ക്കാട് ശശി, മണ്ഡലം ജനറൽസെക്രട്ടറി പൈവേലിക്കോണം ബിജു, അമ്പിളി ദാസ്, വാർഡ്‌ അംഗവും യുവമോർച്ച മണ്ഡലം പ്രസിഡന്റുമായ ജിഷ്‌ണു, കർഷക മോർച്ച പ്രസിഡന്റ് മനു കാവിൽ, വാർഡ്‌ മെമ്പർമാരായ അരുൺ, അശോകൻ, ബി.ജെ.പി മണ്ഡലം നോർത്ത് പ്രസിഡന്റ് യമുന ബിജു എന്നിവരും എസ്.ഡി.പി.ഐ സ്ഥാനാർഥിയോടൊപ്പം ജില്ലാ വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീൻ മന്നാനി, ജില്ലാ സെക്രട്ടറി ഇർഷാദ് കന്യാകുളങ്ങര, വർക്കല മണ്ഡലം പ്രസിഡന്റ് ജഹാംഗീർ, റിയാസ് കരിബുവിള, അബ്ദുൽറഹീം പയറ്റുവിള, അമീർ വളവനാട്ടുകോണം, ഷഫീഖ് എന്നിവരുമുണ്ടായിരുന്നു.