
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ മൈതാനത്ത് മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ പ്രതിമ സ്ഥാപിക്കലും കുട്ടികളുടെ പാർക്ക് ഉദ്ഘാടനവും ഇന്ന് വൈകിട്ട് 4.30ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. കോട്ടയം ആസ്ഥാനമായ ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ നിർമ്മിച്ച പ്രതിമയാണ് നഗരസഭയുടെ മൈതാനത്ത് സ്ഥാപിക്കുന്നത്.
ജെ.സി.ഡാനിയേൽ ഇരുന്നുകൊണ്ട് ഫിലിം റോൾ നോക്കുന്ന സിമന്റിൽ നിർമ്മിച്ച 8 അടി ഉയരമുള്ള പ്രതിമയ്ക്ക് 800 കിലോയാണ് ഭാരം. ഷാജി വാസനാണ് ശില്പി. രണ്ടരലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്.
ശില്പത്തിനു പുറമേ സിനിമ പ്രദർശിപ്പിക്കാനുള്ള തുറന്ന വേദിയും കുട്ടികളുടെ പാർക്കിന്റെയും നിർമാണ ചെലവ് വഹിക്കുന്നത് നിംസ് മെഡിസിറ്റിയാണ്. കെ. ആൻസലൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. വനിതകളുടെ ഓപ്പൺ ജിമ്മിന്റെയും സ്റ്റേഡിയം വൈദ്യുതീകരണ പൂർത്തീകരണത്തിന്റെയും ഉദ്ഘാടനം എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, എം. വിൻസെന്റ് എന്നിവർ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഛായാചിത്രം അനാച്ഛാദനം ചെയ്യും. നഗരസഭാ ചെയർമാൻ പി.കെ. രാജമോഹൻ, നിംസ് എം.ഡി എം.എസ്. ഫൈസൽഖാൻ, ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്.നായർ, എസ്.എൻ. സുധീർ എന്നിവർ പങ്കെടുക്കും.