
വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ നവീകരിച്ച ഓഫീസ് മന്ദിരം ഒരു വിഭാഗം ജീവനക്കാർ കൈയേറി പാലുകാച്ചൽ നടത്തിയ സംഭവം വിവാദമാകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന വക്കം റൂറൽ ഹെൽത്ത് സെന്ററിൽ ഓഫീസ് നവീകരണത്തിന് അനുവദിച്ച 17 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ കഴിഞ്ഞ 23ന് ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാർ കൈയേറി പാലുകാച്ചലും പൂജകളും ഉദ്ഘാടനവും നടത്തിയത്. ഹെൽത്ത് സെന്റർ എ.എം.ഒ അടക്കമുള്ള ഉത്തരവാദിത്വപ്പെട്ടവർ ആശുപത്രിയിൽ ഇല്ലാതിരുന്ന ദിവസം നടന്ന പാലുകാച്ചൽ കൈയേറ്റമാണന്നാണ് ഹെൽത്ത് സെന്ററിലെ ബഹുഭൂരിപക്ഷം ജീവനക്കാരും പറയുന്നത്. ബ്ലോക്ക് ഗ്രാമ പഞ്ചയത്ത് ഭാരവാഹികളോ അംഗങ്ങളോ അറിയാതെയാണി ചടങ്ങ് സംഘടിപ്പിച്ചതെന്നും ആക്ഷേപമുയരുന്നു. സംഭവം വിവാദമായതോടെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് എ.എം.ഒയോട് സംഭവത്തെക്കുറിച്ച് വിശദീകരണം തേടി. 5 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. സംഭവം വിവാദമായതോടെ ചിറയിൻകീഴ് ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജോസഫിൻ മാർട്ടിൻ, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ, വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജൂലി തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തെത്തി.