ard

ആര്യനാട്: ആര്യനാട് ഡിപ്പോയിൽ കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിൽ. ശ്യാമപ്രസാദ് മുഖർജി നാഷണൽ അർബൻ മിഷൻ ഫണ്ടുപയോഗിച്ച് ആര്യനാട് ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ മുടക്കി സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിർമ്മിച്ച ടോയ്‌ലെറ്റിന് മുകളിൽ കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് പോസ്റ്റ് അപകടകരമായ നിലയിൽ നിൽക്കുന്നു. കെട്ടിടത്തിന് മുകളിൽ നിന്നാൽ ഇലക്ട്രിക് കമ്പിയിൽ കൈ തട്ടുന്ന നിലയിലാണ് ഇപ്പോഴത്തെ അവസ്ഥ.

ഇവിടുത്തെ മരങ്ങളിൽ നിന്നും ഇലകൾ പൊഴിഞ്ഞു കെട്ടിടത്തിന് മുകളിൽ വീണ് വെള്ളം കെട്ടിനിൽക്കുന്നത് ശുചിയാക്കാൻ പോലും ജീവനക്കാർ കയറാൻ പേടിയാണ്. നിരവധി തവണ ഈ അപകടസൂചന ഡിപ്പോ അധികൃതർ ഇലക്ട്രിസിറ്റി ഓഫീസിൽ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പരാതിയുണ്ട്. കൂടാതെ ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വർക്‌ഷോപ്പിന് മുകളിൽ റൂഫിന് സമീപത്തായാണ് ത്രീഫേസ് ലൈൻ കടന്നുപോകുന്നത്. ഇതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ശക്തമായ കാറ്റും മഴയും ഉണ്ടായാൽ കമ്പികൾ തമ്മിൽ ഉരസി കെട്ടിടത്തിലേക്ക് വൈദ്യുതി പകരാനുള്ള സാദ്ധ്യതയുണ്ട്. അപകടം ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിച്ച് ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.