
തിരുവനന്തപുരം: സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെയും ലഭ്യമാകും. ഇ- സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്‌ഫോം വഴി ത്രിതല ഹബ്ബ് ആൻഡ് സ്‌പോക്ക് സംവിധാനത്തിലൂടെയാണ് ഈ സൗകര്യം ലഭ്യമാകുക. പുതിയ സംവിധാനത്തിന് അനുമതി നൽകി മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. ഇതിനായി സംസ്ഥാനതലത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല കമ്മിറ്റിയും ജില്ലകളിൽ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മിറ്റിയും രൂപീകരിച്ചു. വരും ഘട്ടങ്ങളിൽ കാസ്‌പുമായി ചേർന്ന് സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പാക്കും. മെഡിക്കൽ കോളേജുകളില്ലാത്ത ജില്ലകളിൽ സ്വകാര്യ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇ -സഞ്ജീവനിയുടെ 'ഡോക്ടർ ടു ഡോക്ടർ" സേവനത്തിലൂടെയാണ് ഇത് സാദ്ധ്യമാക്കുന്നത്. ജില്ലാ ജനറൽ ആശുപത്രികൾ മുഖേന സ്‌പെഷ്യാലിറ്റി സേവനങ്ങളും മെഡിക്കൽ കോളേജുകൾ വഴി സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളും, അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്‌പോക്കായി പ്രവർത്തിക്കുമ്പോൾ ജില്ലാ, ജനറൽ ആശുപത്രികളും, മെഡിക്കൽ കോളേജുകളും ഹബ്ബായി പ്രവർത്തിക്കും.
ചികിത്സ ഇങ്ങനെ
സ്‌പോക്കിലെ ഡോക്ടർ പ്രാഥമിക പരിശോധന നടത്തും.
സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ആവശ്യമെങ്കിൽ ഹബ്ബിലെ ഡോക്ടറിലേക്ക് 'ഡോക്ടർ ടു ഡോക്ടർ" സേവനം വഴി കണക്‌ട് ചെയ്യും.
ഇതിലൂടെ സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് ആശുപത്രിയിൽ പോകാതെ ഡോക്ടറുടെ സേവനം ലഭ്യമാകും.
സർക്കാർ ആശുപത്രി വഴി സൗജന്യ മരുന്നുകളും പരിശോധനകളും ലഭിക്കും.