
തിരുവനന്തപുരം: കേരള സർവകലാശാല തമിഴ് വിഭാഗം പ്രൊഫസറും സ്റ്റുഡൻസ് സർവ്വീസ് ഡയറക്ടറുമായിരുന്ന ഡോ. ടി. വിജയലക്ഷ്മിയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭ അംഗവുമായ എ.എ.റഹീമിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിചാരണയ്ക്ക് ഹാജരാകാത്തതിനാലാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. വാറണ്ട് പുറപ്പെടുവിച്ചെങ്കിലും റഹീം പാർലമെന്റംഗമായതിനാൽ വാറണ്ട് അയയ്ക്കാൻ നിയമ തടസമുണ്ടെന്ന് പ്രോസസ് വിഭാഗം ക്ളാർക്ക് അറിയിച്ചു.
കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിന് ഏഴു ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് വിജയലക്ഷ്മിയെ റഹീമിന്റെ നേതൃത്വത്തിൽ 2017 മാർച്ച് 30ന് സർവകലാശാലയിൽ മൂന്നരമണിക്കൂർ തടഞ്ഞുവച്ചത്. പ്രോ വൈസ് ചാൻസലർ ഡോ. എൻ. വീരമണികണ്ഠനെയും തടഞ്ഞുവച്ചിരുന്നു. അന്നത്തെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അഷിത, യൂണിയൻ സെക്രട്ടറി അമൽ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്ന പ്രതിൻസാജ് കൃഷ്ണൻ എന്നിവരടക്കം 12 പ്രതികളുണ്ട്.
കേസ് പിൻവലിക്കാൻ നേരത്തെ സർക്കാർ ശ്രമിച്ചെങ്കിലും കേസിൽ നിന്ന് പിൻമാറാൻ തയ്യാറല്ലെന്ന് വിജയലക്ഷ്മി കോടതിയിൽ നേരിട്ടെത്തി അറിയിച്ചതിനാൽ അതിനായില്ല.