pricemoney

തിരുവനന്തപുരം: വൈക്കത്ത് അങ്കണവാടി കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണ് മൂന്നര വയസുകാരന് പരിക്കേറ്റ സംഭവത്തിൽ ഐ.സി.ഡി.എസ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു. ജില്ലാ വനിത-ശിശു വികസന ഓഫീസർ, പ്രോഗ്രാം ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസർ എന്നിവരോട് വിശദീകരണം തേടാനും നടപടി സ്വീകരിച്ചു. പരിക്കേറ്റ കുട്ടിക്ക് കോട്ടയം ഐ.സി.എച്ചിൽ സൗജന്യ ചികിത്സ ഉറപ്പാക്കും. അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.

വനിത-ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയ മന്ത്രി, അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി. തുടർന്ന് എല്ലാ അങ്കണവാടികളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാൻ വനിത-ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫീസർമാരോടും സി.ഡി.പി.ഒമാരോടും ഡയറക്ടർ നിർദ്ദേശിച്ചു. കെട്ടിടം സുരക്ഷിതമല്ലെങ്കിൽ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കാനും അനുമതി നൽകി.