മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമുകൾ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാകുന്നു. ചെറുകോട് വാർഡിൽ മാത്രം പതിനഞ്ചിലേറെ പന്നിഫാമുകളാണ് പഞ്ചായത്തിന്റെ അനുമതിയോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്നത്.

ചെറുകോട് ട്രൈബൽ എൽ.പി സ്കൂളിനും ആരോഗ്യ ഉപകേന്ദ്രത്തിനും സമീപത്താണ് സ്വകാര്യ വ്യക്തികളുടെ പന്നിഫാമുകൾ സ്ഥിതിചെയ്യുന്നത്. പന്നികൾക്ക് ഭക്ഷണത്തിന് നൽകുന്ന ഹോട്ടൽ മാലിന്യങ്ങളുടേയും കോഴിവേസ്റ്റിന്റെയും അവശിഷ്ടങ്ങൾ റോഡിരികിലും, ചെറുകോട് തോട്ടിലും തള്ളുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

പന്നി ഫാമുകളിലെ ദുർഗന്ധം കാരണം പ്രദേശവാസികൾ ദുരിതത്തിലാണ്. ഈച്ച ശല്യവും രൂക്ഷമാണ്. വീടുകളിലിരുന്ന് ആഹാരം പോലും കഴിക്കാനാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ അനുമതിപത്രമോ പഞ്ചായത്ത് ലൈസൻസോ പന്നിഫാമുകൾക്കില്ല.