gnn

വെഞ്ഞാറമൂട്: ആശാരിപ്പണിയുടെ മറവിൽ തോക്ക് നിർമ്മാണം നടത്തിയ രണ്ടുപേർ അറസ്റ്റിലായി. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ ബാലൻപിള്ള നഗറിൽ എ.എസ്. മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63) എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരശുംമൂട്ടിലെ അസിമിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിലാണ് തോക്ക് നിർമ്മാണം കണ്ടെത്തിയത്.

സുരേന്ദ്രൻ വിതുരയിലെ ആലയിൽ നാടൻ തോക്കിന്റെ ബാരൽ നിർമ്മിക്കാൻ പോകുന്നതായി രഹസ്യവിവരം കിട്ടിയ വിതുര സി.ഐ ഇയാളെ പിന്തുടരുകയായിരുന്നു. തോക്ക് നിർമ്മിക്കുന്നത് വട്ടപ്പാറ സ്റ്റേഷൻ പരിധിയിലുള്ള അസിമിന്റെ വീട്ടിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വട്ടപ്പാറ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് വട്ടപ്പാറ സി.ഐ ഗിരിലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അസിമിന്റെ വീട്ടിൽ തോക്ക് നിർമ്മാണം കണ്ടെത്തിയത്.

അസിം ആശാരിയും സുരേന്ദ്രൻ ടാപ്പിംഗ് തൊഴിലാളിയുമാണ്. പൗഡർ, 9എം.എം പിസ്റ്റൽ, പഴയ റിവോൾവർ, 7.62 എം.എം.എസ്.എൽ.ആർ പോലുള്ള തോക്കുകളിൽ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള സാധനങ്ങളും പിടികൂടി. വ്യാവസായിക അടിസ്ഥാനത്തിലാണോ നിർമ്മാണമെന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമേ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.