
കൊല്ലം: 23-ാമത് കേരള യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിൽ ചേർത്തല എസ്.എൻ കോളേജിലെ രണ്ടാം വർഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാർത്ഥി എസ്.വിഷ്‌ണു കലാപ്രതിഭാപട്ടവും തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ എം.എ അവസാന വർഷ കേരളനടനം വിദ്യാർത്ഥിനിയായ സോന സുനിൽ കലാതിലകപട്ടവും ഉറപ്പിച്ചു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് വരാനുള്ളത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ ജെ.ഐവിന് 20 പോയിന്റുണ്ട്.
കഥകളി, ഭരതനാട്യം, കേരളനടനം, നാടോടി നൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനവും നേടിയ വിഷ്‌ണുവിന് 23 പോയിന്റാണുള്ളത്. കഥകളി, മോഹിനിയാട്ടം, ഫാൻസി ഡ്രസ്, കേരളനടനം, നങ്ങ്യാർകൂത്ത് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സോന സുനിലിന് 25 പോയിന്റുണ്ട്. ഇന്നലെ വൈകി നടന്ന നാടോടി നൃത്തത്തിന്റെ ഫലം വരാനുണ്ട്.
ചേർത്തല ആലുങ്കൽ ഹൗസിൽ, ഐ.ടി.സി കമ്പനിയിലെ സെയിൽസ് റപ്പായ എ.കെ.സന്തോഷിന്റെയും ചേർത്തല ദേവസ്വം ബോർഡ് ജീവനക്കാരിയായ ആർ.റസിമോളുടെയും മകനാണ്. ജ്യേഷ്ഠൻ ഹരികൃഷ്‌ണൻ ചേർത്തല എസ്.എൻ കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ്.
ഹരിപ്പാട് കുമാരപുരം മുണ്ടപ്പള്ളിൽ ഹൗസിൽ നൃത്താദ്ധ്യാപികയായ ലക്ഷ്‌മിയുടെ മകളാണ് സോന. കേരള നടനത്തിൽ ഗവേഷണം നടത്തിയ ശേഷം നൃത്തം പ്രൊഫഷനാക്കുകയാണ് സോനയുടെ ആഗ്രഹം.