1

വിഴിഞ്ഞം: അടിമലത്തുറ തീരത്ത് തിരയിൽപ്പെട്ട് തിമിംഗില സ്രാവ് കരയ്ക്കെത്തി. ജീവനുണ്ടായിരുന്ന സ്രാവിനെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തള്ളിവിടാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇന്നലെ രാവിലെ എട്ടരയോടെ കരയിൽ കയറിയ സ്രാവ് കടലിലേക്ക് തിരികെ പോകാനാകാതെ തീരത്ത് കിടന്ന് ചാകുകയായിരുന്നു.

വിവരമറിഞ്ഞ് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ പത്മകുമാർ എന്നിവർ സ്ഥലത്തെത്തി. ഏകദേശം 2500 കിലോഗ്രാം ഭാരം വരുന്ന സ്രാവിന് 5 മീറ്റർ നീളവും 3 മീറ്റർ വണ്ണവും ഉണ്ട്. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ടി.എസ്. ഷാജി ജോസിന്റെ നിർദേശാനുസരണം ബീറ്റ് ഫോറസ്റ്റ് ഓഫിസർ റോഷ്നി, റാപ്പിഡ് സ്പോൺസ് ടീമിലെ ശരത്, സുഭാഷ് എന്നിവരെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം സ്രാവിനെ തീരത്തിന് സമീപം മറവ് ചെയ്തു.