
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട ജില്ലാതല മേളകളിൽ സ്റ്റാളുകളൊരുക്കാൻ വകുപ്പുകളുടെ ജില്ലാ മേധാവികൾക്ക് പണമില്ലെന്ന് പരാതി.
സ്റ്റാളുകൾ തുറക്കണമെന്ന് ഇവരുടെ യോഗം വിളിച്ച് കളക്ടർമാർ നിർദ്ദേശം നൽകിയെങ്കിലും പണത്തിനായി സംസ്ഥാനതല മേധാവികളെ ബന്ധപ്പെടുമ്പോൾ സർക്കാർ പണം കൈമാറിയിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നാണ് പരാതി. ഇതോടെ വകുപ്പിന്റെ സ്റ്റാൾ തുറക്കേണ്ടത് ജില്ലാ മേധാവിയുടെ ചുമതലയായി. മേളയിൽ പങ്കെടുക്കുന്ന വകുപ്പുകൾക്ക് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അഞ്ച് ലക്ഷം രൂപ വീതവും മറ്റ് ജില്ലകളിൽ മൂന്ന് ലക്ഷം വീതവും അനുവദിക്കുമെന്നറിയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ സ്റ്റാളിനായി ജില്ലാ മേധാവികൾ തുക ചോദിക്കുമ്പോഴാണ് മുകളിൽ നിന്ന് കൈ മലർത്തുന്നത്. സ്വന്തം നിലയിൽ കടം വാങ്ങിയും മറ്റും പലരും സ്റ്റാൾ തുറക്കുകയാണ്.