travancore-devaswom-board

തിരുവനന്തപുരം: നിലയ്ക്കലിലും പമ്പയിലും ശബരിമലയിലും ദേവസ്വം ബോർഡ് നടത്തിയ മരാമത്ത് ജോലികളുടെ സ്റ്റോക്ക് രജിസ്റ്റർ കാണാനില്ലെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദ്ദേശിച്ചു. രജിസ്റ്റർ കാണാതെ പോയിട്ടില്ലെന്ന് ശബരിമല പൊതുമരാമത്ത് വിഭാഗത്തിന്റെ ആവർത്തിച്ചുള്ള വിശദീകരണമുണ്ടെങ്കിലും ആരോപണം ഉയർന്ന സാഹചര്യം പരിശോധിക്കാനാണ് നിർദ്ദേശം. ഇതിനൊപ്പം ഉദ്യോഗസ്ഥർക്ക് പിഴവുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. 2016 മുതൽ -18 വരെ പമ്പ അസിസ്റ്റന്റ് എൻജിനിയർ ഓഫീസ് വഴി ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടത്തിയ ജോലികളുടെ രേഖകൾ കാണാതായെന്നും കോടികളുടെ ക്രമക്കേട് ഇതിലൂടെ നടന്നെന്നുമാണ് ആക്ഷേപം. ബോർഡിന്റെ മരാമത്ത് ജോലികൾ ചെയ്യുന്ന കരാറുകാർക്ക് സിമന്റ്, കമ്പി എന്നിവ നൽകുന്നത് ബോർഡാണ്. ഇത്തരത്തിൽ വിതരണം ചെയ്യേണ്ട സിമന്റും കമ്പിയും പമ്പയിലെ അസിസ്റ്റന്റ് എൻജിനിയർ ഓഫീസിലാണ് സ്റ്റോക്ക് ചെയ്യുന്നത്. രജിസ്റ്റർ കാണാതായതോടെ എത്ര ലോഡ് സിമന്റും കമ്പിയും വിതരണം ചെയ്‌തെന്നോ എത്ര മിച്ചമുണ്ടെന്നോ കണ്ടെത്താൻ കഴിയില്ലെന്നാണ് സൂചന.