
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ സി.ഐ.ടി.യു തൊഴിലാളി സംഘടനയായ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷന്റെ സമരത്തിൽ പങ്കെടുത്ത അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസറും വെള്ളനാട് യൂണിറ്റ് മേധാവിയുമായ പി.ആർ. ഭദ്രനെ പുനലൂർ യൂണിറ്റിലേക്ക് സ്ഥലം മാറ്റി.
ഈ മാസം 16ന് വെള്ളനാട് ഡിപ്പോയിൽ നടന്ന നിരാഹാര ധർണയിൽ പങ്കെടുത്തതിനാണ് നടപടി. മാനേജ്മെന്റ് പ്രതിനിധിമാരായ യൂണിറ്റ് അധികാരികൾ തൊഴിലാളി സമരങ്ങളിൽ പങ്കെടുക്കാൻ പാടില്ല. എന്നാൽ ഭദ്രൻ ബോധപൂർവം സമരത്തിൽ പങ്കെടുത്തെന്നും കോർപ്പറേഷന്റ സൽപ്പേരിന് കളങ്കം വരുത്തിയെന്നും സ്ഥലംമാറ്റ ഉത്തരവിൽ പറയുന്നു. ആര്യനാട് യൂണിറ്റ് മേധാവി ടി.ആർ. ജോയ്‌മോന് വെള്ളനാടിന്റെ അധിക ചുമതല കൂടി നൽകി.