p-rajeev

തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്വകാര്യ വ്യവസായ പാർക്കുകൾ അതിവേഗമാരംഭിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കഴക്കൂട്ടം കിൻഫ്ര പാർക്കിലെ 2.17 ലക്ഷം ചതുരശ്രയടിയുള്ള ഒമ്പതുനില കെട്ടിടസമുച്ചയം ടാറ്റ എല‌ക്‌സിക്ക് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

75 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയിലൂടെ 2500 പേർക്ക് നേരിട്ടും 1500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ 6000 തൊഴിലവസരങ്ങൾ ടാറ്റ എലക്‌സി വിപുലീകരണത്തിലൂടെ സൃഷ്‌ടിക്കും. 'ഗ്രീൻ ബിൽഡിംഗ്" എന്ന നൂതന ആശയത്തിലാണ് കെട്ടിടം നിർമ്മിച്ചത്. സംസ്ഥാന സർക്കാരിന്റെ 'ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം" എന്ന നയത്തിന് കൂടുതൽ ശക്തി പകരുന്നതാണ് പദ്ധതിയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

ടാറ്റ എല‌ക്‌സി ചീഫ് ഓപ്പറേറ്രിംഗ് ഓഫീസർ തങ്കരാജൻ, കടകംപ്പളളി സുരേന്ദ്രൻ എം.എൽ.എ, കിൻഫ്ര മാനേജിംഗ് ഡയറക്‌‌ടർ സന്കോഷ് കോശി തോമസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, മുഹമ്മദ് ഹനീഷ്, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ ചെയർമാൻ ജോർജ്കുട്ടി അഗസ്റ്രി, ടാറ്ര എലക്‌സി സീനിയർ വൈസ് പ്രസിഡന്റ് വസന്ത് ഷാ, കിൻഫ്ര ജനറൽ മാനേജർ ഡോ. ടി. ഉണ്ണിക്കൃഷ്‌ണൻ, കൗൺസിലർ എം. ബിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.