koyikkal-

മലയിൻകീഴ്: ഗ്രാമീണ റോഡുകളിൽ പ്രധാനപ്പെട്ടവയെല്ലാം സഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങൾ കഴിഞ്ഞു. മലയിൻകീഴ് കോയിക്കൽ-ശാന്തുമൂല റോഡ് നവീകരണത്തിന് കടമ്പകളെല്ലാം മാറിയിട്ടും കരാറുകാരൻ റോഡ് നവീകരിക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കോൺക്രീറ്റും ടാറിംഗും ചെയ്താണ് റോഡ് നിർമ്മിക്കുന്നത്. ആദ്യം ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപയാണ് അനുവദിച്ചതെങ്കിലും ചില ഭാഗത്ത് വെള്ളക്കെട്ട് ഉള്ളതിനാൽ 5 ലക്ഷം രൂപ കൂടെ അധികം നൽകി. ഈ റോഡ് സംഗമിക്കുന്ന അമ്പാടി-കുരിയോട് റോഡ് ടാറിംഗിന് പഞ്ചായത്ത് 5 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ റോഡിന്റെ ടാറിംഗ് പണി കഴിഞ്ഞിട്ട് രണ്ട് മാസമായി. പല വിധത്തിലുള്ള മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തിയാണ് കോയ്ക്കൽ -ശാന്തുമൂല റോഡ് നവീകരണം നീട്ടികൊണ്ട് പോകുന്നതെന്നാണ് ആക്ഷേപം. ഈ വഴി കാൽനടപോലും ദുഷ്കരമാണ്. ജീവൻ പണയപ്പെടുത്തിയാണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യുന്നത്. ശാന്തുമൂല-കോയിക്കൽ റോഡ് തകർന്ന് വൻകുഴികൾ
രൂപപ്പെട്ടിട്ട് കാലമേറെയായി. മഴക്കാലത്ത് അപകടവും പതിവാണ്. മലയിൻകീഴ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും മറ്റ് യാത്രാബുദ്ധിമുട്ട് നേരിടുമ്പോഴും കാർ, മിനിലോറി യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. നിരവധി കുടുംബങ്ങളാണ് ഈ റോഡിന് ഇരുവശത്തുമായി താമസിക്കുന്നത്. 11 വർഷം മുൻപാണ് ജില്ലാപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഈ റോഡ് നവീകരിച്ചിരുന്നത്.

സഞ്ചാരയോഗ്യമല്ലാതായ റോഡുകളിൽ പലതും സമീപ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നവയാണ് ഇവയിൽ മിക്ക റോഡും. ഇവ നവീകരിക്കണമെന്ന ആവശ്യവുമായി വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും ബന്ധപ്പെട്ട അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. പഞ്ചായത്തുകൾ കൃത്യതയോടെ അറ്റകുറ്റപ്പണികളെങ്കിലും ചെയ്തിരുന്നെങ്കിൽ അപകടവ്യാപ്തി കുറയ്ക്കാനാകുമായിരുന്നു.