
നെയ്യാറ്റിൻകര: പ്രമുഖ പരിസ്ഥിതി പ്രവർത്തകയും കവയിത്രിയുമായ സുഗതകുമാരിയ്ക്ക് പിതാവ് ബോധേശ്വരന്റെ ജന്മനാടായ നെയ്യാറ്റിൻകരയിൽ നഗരസഭ ഒരുക്കുന്ന സംസ്ഥാനത്തെ പ്രഥമ സുഗതകുമാരി സ്മാരകം 'സുഗത സ്മൃതി ' സംസ്കൃതിയരങ്ങും തണലിടവും ഇന്ന് വൈകിട്ട് 4.30ന് അക്ഷയ വാണിജ്യ സമുച്ചയത്തിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
വരുംതലമുറയ്ക്കായി ശില്പ ചിത്ര സന്നിവേശത്തിലൂടെയുളള അടയാളപ്പെടുത്തലുകളായി മണലെഴുത്ത്, വരപ്രസാദ്, കുറിഞ്ഞിപ്പൂക്കൾ, തളിരും തണലും, കൂട്ടക്ഷരം, സുകൃതം, ഉറവ് തുടങ്ങിയ പേരുകളിൽ വിവിധ പരിപാടികൾക്കും വളർന്നുവരുന്ന കലാ പ്രതിഭകൾക്ക് സർഗാത്മകത പ്രദർശിപ്പിക്കുവാനും കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മകൾക്ക് കൂടിച്ചേരാനുള്ള സൗകര്യവും സ്മാരകത്തിലൊരുക്കിയിട്ടുണ്ട്. നെയ്യാർ വരമൊഴിയാണ് നഗരസഭയ്ക്കായി സുഗത സ്മൃതിയുടെ ആശയവും രൂപകൽപ്പനയും നിർമാണവും നിർവഹിച്ചത്. വാക്കും വരയും പൂക്കുന്നിടം സമർപ്പണം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവ്വഹിക്കും. സുഗതകുമാരിയുടെ മകൾ ലക്ഷ്മീദേവി അനുസ്മരണ പ്രഭാഷണം നടത്തും. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. വി. കാർത്തികേയൻനായർ, എം.എസ് ഫൈസൽഖാൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ, നഗരസഭാ ചെയർമാൻ പി.കെ. രാജമോഹൻ തുടങ്ങിയവർ പങ്കെടുക്കും.