കുറ്റിച്ചൽ: കുറ്റിച്ചൽ പരുത്തിപ്പള്ളിയിൽ യാത്രാക്ലേശം രൂക്ഷം. നിലവിലുണ്ടായിരുന്ന ബസുകൾ നിറുത്തലാക്കിയതോടെയാണ് പ്രദേശവാസികൾ ദുരിതത്തിലായത്.
കാട്ടാക്കട ഡിപ്പോയിൽ നിന്ന് 35വർഷത്തിലേറെയായി അതിരാവിലെ 4.30ന് തിരുവനന്തപുരത്തേക്കുണ്ടായിരുന്ന ബസും നിറുത്തലാക്കി. ഈ ബസിലാണ് സമീപ പഞ്ചായത്തുകളിലെ ആളുകൾ പോലും പുലർച്ചേ തലസ്ഥാന നഗരിയിലെത്തിയിരുന്നത്.
തമ്പാനൂരിൽ നിന്ന് രാവിലെ 5.50ന് പുറപ്പെടുന്ന ട്രെയിനിൽ പോകാനുള്ളവർക്ക് ഈ സർവീസ് ഏറെ സൗകര്യമായിരുന്നു. കാട്ടാക്കട ഡിപ്പോയിൽ നിന്ന് രാത്രി 9ന് ശേഷമുള്ള സ്റ്റേ ബസ് ഉൾപ്പെടെ തിരുവനന്തപുരത്തേക്കുള്ള അഞ്ചോളം സർവീസുകളാണിപ്പോൾ കാട്ടാക്കട ഡിപ്പോയിൽ നിന്ന് നിറുത്തലാക്കിയിരിക്കുന്നത്.
ആര്യനാട് ഡിപ്പോയിൽ നിന്ന് പരുത്തിപ്പള്ളി കല്ലാമം വഴി കാട്ടാക്കട തിരുവനന്തപുരത്തേക്കുള്ള മൂന്ന് സർവീസും വെള്ളനാട് ഡിപ്പോയിൽ നിന്ന് ആരംഭിച്ച പരുത്തിപ്പള്ളി - കിഴക്കേകോട്ട രണ്ട് സർവീസും ഉണ്ടായിരുന്നു.
മികച്ച കളക്ഷനാണ് ഈ സർവീസുകളിൽ നിന്ന് ലഭിച്ചിരുന്നതെന്ന് ബസുകളിലെ കണ്ടക്ടർമാരും പറയുന്നു. എല്ലാ ട്രിപ്പുകളിലും തിക്കും തിരക്കുമാണ് അനുഭവപ്പെട്ടിരുന്നത്. കൊവിഡ് കാലത്ത് വിവിധ ഡിപ്പോകളിലെ സർവീസുകൾ നിറുത്തിയ ഘട്ടത്തിലാണ് വിവിധ ഡിപ്പോകളിൽ നിന്ന് പരുത്തിപ്പള്ളിയിലേക്കുള്ള സർവീസുകളും നിറുത്തലാക്കിയത്.
യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കാണിച്ച് നിരവധി നിവേദനങ്ങൾ കെ.എസ്.ആർ.ടി.സി അധികൃതർക്ക് നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല. അടിയന്തരമായി പരുത്തിപ്പള്ളിയിലേക്കുള്ള സർവീസുകൾ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് വിവിധ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും തയ്യാറെടുക്കുന്നത്.