പോത്തൻകോട്: കണിയാപുരം കരിച്ചാറയിൽ സിൽവർലൈൻ കല്ലിടലിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകനെ ബൂട്ടിട്ട് ചവിട്ടിയ മംഗലപുരം സ്റ്റേഷനിലെ സി.പി.ഒ ഷബിറിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
ഷബീറിനെ സസ്‌പെന്റ് ചെയ്യാത്തത് ചൂണ്ടിക്കാട്ടി ചന്തവിള നരിക്കലിന് സമീപത്തെ വീട്ടിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്.
മുൻ എം.എൽ.എ. എം.എ. വാഹിദ് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രതിഷേധക്കാർ മറിച്ചിടുകയും തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്‌തത് പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസുമായി ഏറെനേരം വാക്കേറ്റമുണ്ടായി. ബാരിക്കേഡ് മറിച്ചിട്ടതിനെ തുടർന്ന് നടന്ന പൊലീസ് ബലപ്രയോഗത്തിനിടെ രണ്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.