
വെള്ളറട: പനച്ചമൂട് പബ്ലിക് മാർക്കറ്റ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുവേണ്ടി 2019ൽ ആരംഭിച്ച പദ്ധതി എങ്ങുമെത്തിയില്ല. കിഫ്ബിയുടെ സഹായത്തോടെ 20 കോടിരൂപ ചെലവഴിച്ചാണ് ഫിഷറിസ് വകുപ്പ് തീരദേശ വികസന കോർപ്പറേഷൻവഴി പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 2021ൽ സംസ്ഥാനത്തെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കഴിഞ്ഞു. കരാറും നൽകി. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് 6 കോടിരൂപ അനുവദിച്ചു. ഇതിനിടയിൽ മാർക്കറ്റിനുള്ളിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്റ്റാളുകൾ പൊളിച്ചുമാറ്റുകയും വൃക്ഷങ്ങൾ ലേലം ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് മാർക്കറ്റ് നവീകരണം മുടങ്ങി ഇതോടെ തെരുവ് നായ്ക്കളുടെ കേന്ദ്രമായി മാറിയിരുക്കുകയാണ് ഇവിടം. ഒരു ഭാഗത്ത് ചെറിയ രീതിയിൽ ഒരു ചന്ത പ്രവർത്തിക്കുന്നു. പഞ്ചായത്തിന് ലഭിച്ചുകൊണ്ടിരുന്ന സ്റ്റാളുകളുടെ വാടകയും മറ്റും നിലയ്ക്കുകയും ചെയ്തു.
രണ്ടേക്കറോളം വിസ്തീർണ്ണമുള്ള മാർക്കറ്റിന്റെ സ്ഥലം തീരദേശ വികസന കോർപ്പറേഷന് കൈമാറുന്ന കരാറിൽ ഗ്രാമപഞ്ചായത്ത് ഒപ്പിടാൻ നടപടി ആരംഭിക്കാനിരിക്കെയാണ് തീരദേശ വികസന കോർപ്പറേഷൻ അനുവദിക്കുന്ന തുകയ്ക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്നും 20 ശതമാനം വീതം 12 വർഷം കൊണ്ട് തുക മുഴുവനും തിരിച്ചടച്ചുതീർക്കണമെന്ന വ്യവസ്ഥ മുന്നോട്ടുവച്ചു. ഇതോടെ മറ്റു വരുമാന മാർഗ്ഗമില്ലാത്ത ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ എഗ്രിമെന്റിൽ ഒപ്പിടേണ്ടന്ന് ഭരണസമിതി സംയുക്തമായി തീരുമാനിച്ചു. ഇതോടുകൂടി മാർക്കറ്റ് നവീകരണം മുടങ്ങി.
ഇതിനകം രണ്ടു പ്രാവശ്യം മാർക്കറ്റ് നവീകരണം നടത്തുന്നവരുമായി രേഖാമൂലം ഗ്രാമപഞ്ചായത്ത് കത്തുനൽകി. എന്നാൽ ആദ്യം പണം തിരിച്ചടയ്ക്കണമെന്ന് തീരദേശ വികസന കോർപ്പറേഷൻ അധികൃതർ അറിയിക്കാത്തതാണ് ഇപ്പോൾ നിർമ്മാണം മുടങ്ങാൻ കാരണമായത്.