
ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ പാലമൂടിനും മാമംപാലത്തിനുമിടയിൽ കെ.എസ്.ആർ.ടി.സി ബസ്സ് ഇരുചക്ര വാഹനങ്ങളിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 8.45 ഓടെയായിരുന്നു സംഭവം. കണിയാപുരത്തുനിന്ന് ആറ്റിങ്ങലേയ്ക്കു വരികയായിരുന്ന ഓർഡിനറി ബസ്സ് റോഡ് ക്രോസ് ചെയ്യാൻ നിറുത്തിയിരുന്ന ഇരുചക്ര വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസ് അമിത വേഗത്തിൽ ഓവർടേക് ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ മണിലാൽ (50) സ്കൂട്ടർ യാത്രക്കാരിയായ റംസിയ(30) എന്നിവർക്കാണ് പരിക്കേറ്റത്. റംസിയയ്ക്കൊപ്പം അഞ്ചുവയസ്സുള്ള കുട്ടിയുമുണ്ടായിരുന്നു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ മണിലാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും റംസിയയെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.