
തിരുവനന്തപുരം: നാലുപേരുടെ ആകസ്‌മിക വേർപാടിന്റെ ഞെട്ടലിൽ നിന്ന് ഉഴമലയ്ക്കൽ പരുത്തിക്കുഴി ഗ്രാമം ഇനിയും മുക്തമായിട്ടില്ല. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ രാത്രിയിൽ നാല് മൃതദേഹങ്ങളും വീടുകളിലെത്തിച്ചപ്പോൾ കൂട്ടനിലവിളിയായിരുന്നു. ദുഃഖമടക്കാൻ കഴിയാതെ പലരും പൊട്ടിക്കരയുന്നുണ്ടായിരുന്നു.
ചൊവ്വാഴ്ച്ച രാത്രിയിൽ കണ്ടവരോടെല്ലാം തമാശ പറഞ്ഞും ചിരിച്ചും നടന്നുപോയ ഷൈജുവും ബന്ധുവായ അഭിരാഗും അമ്പലപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചെന്ന വാർത്ത ഇന്നലെ അതിരാവിലെ ടെലിവിഷൻ വാർത്തകളിൽ നിന്ന് അറിഞ്ഞവർക്ക് വിശ്വസിക്കാനായില്ല. ഷൈജുവിന്റെ സഹോദരി ഷൈനിയും ഭർത്താവ് സുധീഷും ഇവരുടെ മകൻ നിരഞ്ജൻ എന്ന ആമ്പാടിയും അപകടത്തിൽപ്പെട്ടതായി ടെലിവിഷൻ വാർത്തകളിൽ നിന്ന് അറിഞ്ഞതോടെ നാട്ടുകാർ ഇവരുടെയെല്ലാം വീടുകളിലെത്തി. എന്നാൽ കൂട്ടമരണത്തിന്റെ വാർത്ത, മരണപ്പെട്ടവരുടെ വീട്ടുകാർ അറിയാതിരിക്കാൻ മൃതദേഹമെത്തിക്കുംവരെ നാട്ടുകാർ ശ്രമിച്ചു.
അപകടവാർത്ത അറിഞ്ഞതോടെ വാഹനങ്ങളിലായി രാവിലെതന്നെ നൂറുകണക്കിന് പേർ അമ്പലപ്പുഴയിലേക്ക് തിരിച്ചു.
നാലുപേരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിന് ശേഷം രാത്രി 9ഓടെയാണ് നാട്ടിലെത്തിച്ചത്.
പരുത്തിക്കുഴി ഗവൺമെന്റ് എൽ.പി.സ്‌കൂളിൽ നാലുപേരുടെയും മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ നൂറുകണക്കിന് പേരാണ് രാത്രി വൈകിയും അവിടെയെത്തിയത്. തുടർന്ന് ഷൈജുവിന്റെയും അഭിരാഗിന്റെയും മൃതദേഹം പരുത്തിക്കുഴിയിലുള്ള അവരവരുടെ വീടുകളിലേക്കും സുധീഷിന്റെയും മകൻ നിരഞ്ജന്റെയും മൃതദേഹം ആനാട്ടെ വസതിയിലേക്കും കൊണ്ടുപോയി സംസ്‌കരിച്ചു. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. അപകടനില തരണം ചെയ്‌ത ഷൈനിയെ പ്രത്യേകം സജ്ജമാക്കിയ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
വിതുമ്പലോടെ ആനാട് ഗ്രാമം
ആനാട് നെട്ടറച്ചിറ അനീഷ് ഭവനിൽ സുധീഷ് ലാലിന്റെയും (36), മകൻ നിരഞ്ജന്റെയും (12) മരണവാർത്തയിൽ വിറങ്ങലടിച്ചിരിക്കുകയാണ് ആനാട് നെട്ടറക്കോണം ഗ്രാമം. പെയിന്റിംഗ് ജോലിയോടൊപ്പം തന്നെ ആനാട് ജംഗ്ഷനിൽ പുണർതം പവർ ടൂൾസ് എന്ന സ്ഥാപനവും നടത്തിവരികയായിരുന്നു സുധീഷ്. കാർഷിക ഉപകരണങ്ങളാണ് ഇവിടെ നിന്ന് വാടകയ്ക്ക് നൽകുന്നത്. സുധീഷ് ലാൽ-ഷൈനി ദമ്പതികളുടെ ഏകമകനാണ് നെടുമങ്ങാട് ദർശന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നിരഞ്ജൻ.