
നെയ്യാറ്റിൻകര: നഗരസഭ മൈതാനത്ത് മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ പ്രതിമ സ്ഥാപിച്ചതുവഴി സാംസ്‌കാരിക കേരളത്തിൽ നെയ്യാറ്റിൻകര നഗരസഭയ്‌ക്ക് പുതിയൊരിടം കണ്ടെത്താനായെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജെ.സി. ഡാനിയേലിന്റെ പ്രതിമ സ്ഥാപിക്കലും ഛായാചിത്ര അനാച്ഛാദനവും കുട്ടികളുടെ പാർക്ക് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രതിമ സ്ഥാപിക്കലുമായി ബന്ധപ്പെട്ട മറ്റ് നിർമ്മാണ പ്രവൃത്തികൾക്ക് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പദ്ധതി ആസൂത്രണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നുവർഷം മുമ്പ് കോട്ടയം ആസ്ഥാനമായ ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ നിർമ്മിച്ച പ്രതിമയാണ് സ്ഥാപിച്ചത്. ഷാജി വാസനാണ് ശില്പി. കെ. ആൻസലൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വനിതകളുടെ ഓപ്പൺ ജിമ്മിന്റെയും സ്റ്റേഡിയം വൈദ്യുതീകരണ പൂർത്തീകരണത്തിന്റെയും ഉദ്ഘാടനം എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, എം. വിൻസെന്റ് എന്നിവർ നിർവഹിച്ചു. നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽഖാൻ, ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്. നായർ, കാർഷിക ഡോക്യുമെന്ററി സംസ്ഥാന പുരസ്‌കാര ജേതാവ് എസ്.എൻ. സുധീർ, സംവിധായകൻ കവടിയാർ ദാസ്, കോൺട്രാക്ടർ ആർ. അനി എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
ഡോ.എം.എ. സിദ്ധിഖ്, നഗരസഭാ ചെയർമാൻ പി.കെ. രാജമോഹൻ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ.കെ. ഷിബു, എൻ.കെ. അനിതകുമാരി, ജെ. ജോസ് ഫ്രാങ്ക്ളിൻ, ആർ. അജിത, ഡോ.എം.എ. സാദത്ത്, സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ, ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, കനറാ ബാങ്ക് പ്രതിനിധികൾ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.