കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ വാണിജ്യസമുച്ചയത്തിൽ ഏറ്റുമുട്ടിയ വിദ്യാർത്ഥി സംഘത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞതായി കാട്ടാക്കട പൊലീസ് പറഞ്ഞു. അക്രമത്തിൽ പങ്കെടുത്തവരെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. വാണിജ്യ സമുച്ചയത്തിലെ കണ്ണാടിക്കടയുടെ ചില്ല് തകർത്തതായി ഉടമ ബീനാദാസ് നൽകിയ പരാതിയിൽ കിള്ളി സ്വദേശിയായ വിദ്യാർത്ഥിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് വിവിധ സ്കൂളുകളിൽ നിന്ന് പ്ലസ്ടു പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർത്ഥികളാണ് ബസ് സ്റ്റാൻഡിലും വാണിജ്യ സമുച്ചയത്തിലുമായി പരസ്പരം ഏറ്റുമുട്ടിയത്. വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞത്. കുറച്ചുദിവസമായി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും പതിവായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഏറ്റുമുട്ടലെന്ന് പൊലീസ് പറഞ്ഞു. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് ബസ് സ്റ്റാൻഡിൽ പൊലീസ് പരിശോധന ശക്തമാക്കി.