department-of-treasuries

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് സംസ്ഥാനത്ത് ട്രഷറിയിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ 25 ലക്ഷത്തിന് മേലുള്ള ബില്ലുകൾ മാറാനാകാത്ത സ്ഥിതിയായി. ഇന്നലെ മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. മേയ് ആദ്യവാരം ശമ്പളവും പെൻഷനും നൽകുന്നതിനാൽ അടുത്ത മാസം പത്തു വരെ ട്രഷറി നിയന്ത്രണം നീണ്ടേക്കും.

സാധാരണ, ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ സർക്കാർ അക്കാര്യം അറിയിക്കാറുണ്ട്. കരാറുകൾ, വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ബില്ലുകൾ തുടങ്ങിയവ മാറാനെത്തുന്നവർക്ക് അത് മുൻകരുതലാവും. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഇന്നലെ രാവിലെ ബിൽ മാറാൻ ശ്രമിച്ചപ്പോഴാണ് പലയിടത്തും നിയന്ത്രണം അറിഞ്ഞത്. കൊവിഡ് കാലത്ത് വരുമാനം കുറഞ്ഞതോടെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവർഷമായി ഒരു കോടി രൂപയ്ക്ക് മേലുളള ബില്ലുകൾ അനുമതിയോടെ മാത്രമാണ് മാറാൻ കഴിയുന്നത്. ഇന്നലെ മുതൽ അത് 25 ലക്ഷമായി മാറി. സാമ്പത്തിക വർഷത്തിന്റെ ആദ്യമാസത്തിൽ തന്നെ ട്രഷറി നിയന്ത്രണം അപൂർവ്വമാണ്.ധനമന്ത്രിയുടെ അംഗീകാരത്തോടെയാണ് സോഫ്റ്റ് വെയറിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ ട്രഷറിയിലേക്ക് ഇ-ബിൽ സമർപ്പിക്കുന്ന ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്‌മെന്റ് സിസ്റ്റത്തിലും നിയന്ത്രണമായി. ഇൗ സംവിധാനത്തിലെ ഇ-പോർട്ടൽ വഴിയാണ് ട്രഷറിയിലേക്ക് ഇ-ബിൽ സമർപ്പിക്കുന്നത്. വിവിധ വകുപ്പുകളിലെ ഡ്രായിംഗ് ആൻഡ് ഡിസ്‌ബേഴ്സിംഗ് ഓഫിസർമാർ തങ്ങളുടെ വകുപ്പുകളിലെ ബില്ലുകൾ ബിംസ് സോഫ്റ്റ് വെയറിലിൽ അപ് ലോഡ് ചെയ്താണ് മാറുന്നത്. നിയന്ത്രണം വന്നതോടെ, 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ പ്രത്യേകാനുമതി വേണം.