ശ്രീകാര്യം : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല കൺവെൻഷന് നാളെ തുടക്കമാകും.

രാവിലെ 7.30ന് ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തും. 9.30 ന് ചെമ്പഴന്തിയിലെ ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പ്രബുദ്ധ കേരളം ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും,സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.സ്വാമി ശുഭാംഗാനന്ദ, കൊച്ചിൻ ദേവസ്വം ബോർഡംഗം എം.ജി. നാരായണൻ, കൗൺസിലർ ചെമ്പഴന്തി ഉദയൻ, എസ്.എൻ.ഡി.പി.യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, ഷൈജു പവിത്രൻ തുടങ്ങിയവർ സംസാരിക്കും. 11.30 ന് ഗുരുസ്തവം എന്ന വിഷയത്തിൽ സ്വാമി ധർമ്മ ചൈതന്യയും ,ഉച്ചയ്ക്ക് 2ന് അദ്വൈതദീപിക എന്ന വിഷയത്തിൽ ഡോ.എസ്.കെ. രാധാകൃഷ്ണനും പഠന ക്ലാസുകൾ നയിക്കും. വൈകിട്ട് 3.45 ന് ഈശ്വര വിശ്വാസവും പ്രാർത്ഥനയും എന്ന വിഷയത്തിൽ സ്വാമി ഗുരുപ്രകാശം പ്രഭാഷണം നടത്തും

മേയ് 1ന് രാവിലെ 9ന് ഗദ്യ പ്രാർത്ഥന എന്ന വിഷയത്തിൽ ഡോ. പി. കെ. രാജേന്ദ്രൻ പഠന ക്ലാസ് നയിക്കും. 11ന് മന:സ്സമാധാനവും ലോക സമാധാനവും എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി എം.എ. ബേബി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് ജോർജ് ഓണക്കൂർ, കേരള സാഹിത്യ അക്കാഡമി അംഗം വി.എസ്.ബിന്ദു എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 2 ന് തേവാരപ്പതികങ്കൾ എന്ന വിഷയത്തിൽ ഡോ.എം. എ. സിദ്ദീഖ് പഠനക്ലാസ് നയിക്കും. 3.45 ന് ശ്രീനാരായണ ഗുരുദേവൻ ആധുനിക ഭാരതത്തിന്റെ സ്രഷ്ടാവ് എന്ന വിഷയത്തിൽ എസ് സുവർണ്ണകുമാർ പ്രഭാഷണം നടത്തും. മേയ് 2ന് രാവിലെ 9ന് സ്വാനുഭവഗീതി ഒരു പഠനം എന്ന വിഷയത്തിൽ സ്വാമി മുക്താനന്ദയതി, 11ന് അനുകമ്പാദശകം എന്ന വിഷയത്തിൽ മുൻ ചീഫ് സെക്രട്ടറി ഡോ.കെ. ജയകുമാർ എന്നിവർ പഠന ക്ലാസുകൾ നയിക്കും. ഉച്ചയ്ക്ക് 2ന് അവനവനെ അറിയാൻ പരസഹായം ആവശ്യമുണ്ടോ? എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ സ്വാമി സൂക്ഷ്മാനന്ദ മോഡറേറ്ററായിരിക്കും. കേരള സാഹിത്യ അക്കാഡമി അംഗം മങ്ങാട് ബാലചന്ദ്രൻ, ഫിലിം ഡയറക്ടർ മധുപാൽ, മാർ ഇവാനിയോസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷെർലി സ്റ്റുവർട്ട് എന്നിവർ പങ്കെടുക്കും. വൈകുന്നേരം 5ന് സമൂഹ പ്രാർത്ഥനയോടെ കൺവെൻഷൻ സമാപിപ്പിക്കുമെന്ന് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.