reksha-prevarthanam-nadat

കല്ലമ്പലം: കടുവയിൽ ജംഗ്ഷന് സമീപം വീടിന് തീപിടിച്ച് ഒരു മുറി പൂർണമായും കത്തി നശിച്ചു. സംഭവ സമയത്ത് ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി വിവരം നാട്ടുകാരെ അറിയിച്ചതിനാൽ വൻ അപകടം ഒഴിവായി.

കരവാരം സൽമ മൻസിലിൽ സലിമിന്റെ വീടിനാണ് കഴിഞ്ഞദിവസം രാവിലെ 11ഓടെ തീ പിടിച്ചത്. കോൺക്രീറ്റ് കട്ട ഉപയോഗിച്ച് കെട്ടി ഷീറ്റിട്ട വീടിനുള്ളിലെ ഒരു മുറിയിലെ അലമാര, മെത്ത എന്നിവ പൂർണമായും കത്തിനശിച്ചു.

സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തീ പടർന്ന് പിടിക്കുന്നതിനിടയിലാണ് സലീമിന്റെ മകൻ വീട്ടിലെത്തുന്നത്. തീയും പുകയും കണ്ട് കുട്ടി നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി.

ഉടൻ കല്ലമ്പലം ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ കെടുത്തി. കത്തി നശിച്ച മുറിയുടെ തൊട്ടടുത്തായി ഗ്യാസ് സിലിണ്ടർ, ഫ്രിഡ്ജ്‌ എന്നിവയുണ്ടായിരുന്നു. തക്ക സമയത്ത് കണ്ടതിനാൽ സിലിണ്ടറിൽ തീ പടർന്നുള്ള വലിയ അപകടം ഒഴിവായി. സ്റ്റേഷൻ ഓഫീസർ എസ്.ബി. അഖിലിന്റെ നേതൃത്വത്തിൽ റെസ്ക്യു ഓഫീസർ കെ.ഗോപകുമാര കുറുപ്പ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എം.അരവിന്ദൻ. എൻ.എൽ. അരവിന്ദ്, ആർ.ഷൈജു, ഹോം ഗാർഡുമാരായ എ.സലിം, എസ്. സുജിത്ത്, ടി.പി ബിജു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇലക്ട്രിക്‌ ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.