തിരുവനന്തപുരം:പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥികൾ കൂടുതലായി ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി പിന്നാക്ക ക്ഷേമ വകുപ്പിന്റെ ഫണ്ട് വിനിയോഗിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ.അമ്പൂരി പഞ്ചായത്തിലെ കുട്ടമല ഗവൺമെന്റ് യു.പി സ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളിനായി 1.3 ഏക്കർ സ്ഥലം സൗജന്യമായി വിട്ടു നൽകിയ ജാനകി കാണിക്കാരിയുടെ മകൾ വേലമ്മ കാണിക്കാരിയെ ചടങ്ങിൽ മന്ത്രി ആദരിച്ചു.കുട്ടമല ഗവൺമെന്റ് ഐ.ടി.ഐയും മന്ത്രി സന്ദർശിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് സ്‌കൂൾ കെട്ടിടം പണിയുന്നത്.ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. കളിസ്ഥലത്തിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കും.സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം രാധിക,പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽകൃഷ്ണൻ,അമ്പൂരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു,ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.