photo

പാലോട്: പിന്നാക്കം നിൽക്കുന്ന ആദിവാസി വിഭാഗങ്ങളെ സ്വയം ഉയർന്നുവരാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി സമൂഹത്തിൽ നിന്ന് നേരിടുന്ന വിവേചനങ്ങൾ അതിജീവിക്കാൻ അവരെ സന്നദ്ധരാക്കുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പട്ടികവർഗ വിദ്യാർത്ഥികൾക്ക് നിയമ ബിരുദ കോഴ്സുകളുടെ പ്രവേശന പരീക്ഷകൾക്കുള്ള പരിശീലനം നൽകുന്ന 'നിയമഗോത്രം" പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലധിഷ്ഠിത കോഴ്സുകളിൽ യോഗ്യത നേടിയ പിന്നാക്ക വിഭാഗങ്ങളിലെ 500 പേരെ അക്രഡിറ്റഡ് എൻജിനിയർമാരായി ഉടൻ തിരഞ്ഞെടുക്കും. മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കി പൊതുരംഗത്തേക്ക് കൊണ്ടുവരാനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും പട്ടികവർഗ വികസന വകുപ്പും സംയുക്തമായാണ് നിയമഗോത്രം പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. പെരിങ്ങമ്മല ഞാറനീലിയിൽ നടന്ന പരിപാടിയിൽ ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി കെ. വിദ്യാധരൻ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ എ. റഹീം, ഞാറനീലി ട്രൈബൽ സ്‌കൂൾ സീനിയർ സൂപ്രണ്ട് കെ. കന്തസ്വാമി, പ്രിൻസിപ്പൽ ദുർഗ്ഗാ മാലതി തുടങ്ങിയവർ പങ്കെടുത്തു.