തിരുവനന്തപുരം: പക്ഷാഘാതത്താൽ തളർന്നുകിടക്കുന്ന മത്സ്യത്തൊഴിലാളിയുടെ വീടിന്റെ ജപ്തി നിറുത്തിവയ്ക്കാൻ കാർഷിക ഗ്രാമവികസന ബാങ്കിന് മന്ത്രി വി.എൻ.വാസവൻ നിർദ്ദേശം നൽകി. കഠിനംകുളം ശാന്തിപുരത്തുള്ള തോമസ് പനിയടിമയുടെ വീടിന്റെ ജപ്തിയാണ് നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. താമസിക്കുന്ന വീട്ടിൽ നിന്ന് ഇറക്കിവിട്ടുള്ള ജപ്തി പാടില്ലെന്നതാണ് സർക്കാർ നിലപാട്. കിടപ്പിലായ തോമസ് പനിയടിമ മറ്റൊരു താമസസ്ഥലം ഇല്ലാത്ത ആളാണ് എന്നു വ്യക്തമായി. തുടർന്നാണ് ജപ്തി നടപടികൾ നിറുത്തിവയ്ക്കാൻ ബാങ്കിന് നിർദ്ദേശം നൽകിയതെന്ന് മന്ത്രി പറഞ്ഞു.
കാർഷിക സഹകരണ ഗ്രാമവികസന ബാങ്കിൽ നിന്ന് തോമസ് പനിയടിമ രണ്ടര ലക്ഷംരൂപ വായ്പയെടുത്തിരുന്നു. ജൂലായിൽ മത്സ്യബന്ധനത്തിനിടെ പക്ഷാഘാതം വന്ന് കിടപ്പിലായി. ഭാര്യ മത്സ്യവിപണനത്തിന് പോയാണ് കുടുംബം പുലർത്തുന്നത്.