silverline

തിരുവനന്തപുരം: സാമൂഹികാഘാത പഠനത്തിനായി കല്ലിടണമെന്ന് നിർബന്ധമില്ലെന്നും ജി.പി.എസ് മാർക്കിംഗ് നടത്താമെന്നും റെയിൽവേ ബോർഡ് ടെക്നിക്കൽ (എൻജി.) അംഗവും മദ്ധ്യ റെയിൽവേ ജനറൽ മാനേജരുമായിരുന്ന സുബോധ് കാന്ത് ജെയിൻ സംവാദത്തിൽ പറഞ്ഞു. സാമൂഹികാഘാത പഠനത്തിൽ അലൈൻമെന്റ് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ മാർക്കിംഗ് ആവശ്യമാണ്. ടിൽറ്റിംഗ് ട്രെയിൻ പരീക്ഷിച്ചെങ്കിലും ഗുണകരമല്ലെന്ന് കണ്ട് ഉപേക്ഷിച്ചതാണ്. പൊതു-സ്വകാര്യ പങ്കാളിത്തവും വിദേശവായ്പയുമുള്ള മെട്രോകൾ സ്റ്റാൻഡേർഡ് ഗേജിലാകാമെന്നാണ് കേന്ദ്രനയം. ചരക്കുനീക്കത്തിന് പ്രാധാന്യം നൽകുന്ന റയിൽവേ, കുറഞ്ഞ വേഗം മതിയെന്നതിനാൽ പാതയിലെ വളവുകൾ നിവർത്താറില്ല. ഗേജ് ഏതായാലും പദ്ധതിച്ചെലവിനെ ബാധിക്കില്ല. ‌‌ഹൈസ്പീഡിലും സെമി-ഹൈസ്പീഡിലുമായി സ്റ്റാൻഡേർഡ് ഗേജിൽ ഇപ്പോൾ 28 പാതകളുണ്ട്. ഭാവിയിൽ ഇവ തമ്മിൽ ബന്ധിപ്പിച്ചേക്കാം.

തുടക്കത്തിൽ 30,000 യാത്രക്കാരുണ്ടാവും. ഡി.പി.ആർ പരിഷ്കരിക്കാൻ നിതി ആയോഗ് നിർദ്ദേശിച്ചിട്ടുണ്ട്. ഇനിയും മാറ്റങ്ങൾ വരും. മുടക്കുമുതൽ കൂടുതലാണെങ്കിലും വായ്പ തിരിച്ചടയ്ക്കാൻ കഴിയും. ഇത്തരമൊരു സംവാദം രാജ്യത്ത് ആദ്യമാണ്. ജനങ്ങൾ ഡി.പി.ആർ വായിക്കുന്നതും ചർച്ചചെയ്യുന്നതുമെല്ലാം ഇവിടെയാണ്. നടപ്പാക്കാൻ വൈകുന്തോറും സിൽവർലൈനിന്റെ ചെലവ് ഉയരും. അഞ്ച് വർഷം വൈകിയാൽ ചെലവ് 1.20 ലക്ഷം കോടിയാവുമെന്നും ജെയിൻ പറഞ്ഞു.