p

തിരുവനന്തപുരം: വൈകിട്ട് 6.30 നും11.30നും ഇടയിൽ 15മിനിട്ടാണ് സംസ്ഥാനത്ത് രാത്രികാല ലോഡ്ഷെഡ്ഡിംഗ്. ഇത് താത്കാലികമായതിനാൽ എവിടെ എപ്പോഴൊക്കെയാണിത് ഏർപ്പെടുത്തുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല. നഗരങ്ങളെയും ആശുപത്രിപോലുള്ള അവശ്യസേവന വിഭാഗങ്ങളെയും ലോഡ് ഷെഡ്ഡിംഗിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൽക്കരി ക്ഷാമംമൂലം താപവൈദ്യുതനിലയങ്ങളിലെ ഉത്പാദനത്തിലുണ്ടായ കുറവാണ് പ്രതിസന്ധിക്ക് കാരണം. കോഴിക്കോട് നല്ലളത്തെ താപനിലയത്തിൽ നിന്ന് വൈദ്യുതി എത്തിക്കാനും ആന്ധ്രയിൽ നിന്ന് 200മെഗാവാട്ടും

ത്ധാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ നിന്ന് 135 മെഗാവട്ടും എത്തിക്കാനും ശ്രമിക്കുന്നുണ്ട്. അത് വിജയിച്ചാൽ ലോഡ് ഷെഡ്ഡിംഗ് പിൻവലിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

കൽക്കരിക്ഷാമം മൂലം സംസ്ഥാനത്ത് കേന്ദ്രപൂളിൽ നിന്ന് കിട്ടേണ്ട വൈദ്യുതിയിൽ കുറവുണ്ട്. ഇത് കണക്കിലെടുത്ത് ഏതാനും ദിവസങ്ങളായി അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കിയിരുന്നു. ഇക്കാര്യം കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ആവശ്യമുള്ളതിന്റെ 30 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കി കേന്ദ്രഗ്രിഡിലും ദീർഘകാലകരാറിലും നിന്നാണ് എത്തിക്കുന്നത്. ഇതിലുമേറെ വൈദ്യുതി ആവശ്യം വന്നാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വാങ്ങും.

"സംസ്ഥാനത്തെ താത്കാലിക വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സഹകരിക്കണം. രാത്രികാലത്ത് അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനായാൽ ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാനാകും. "

-വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.

കൽക്കരി ക്ഷാമം

രാജ്യത്ത് കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉത്പാദനത്തിൽ 10.7 ജിഗാവാട്ടിന്റെ കുറവുണ്ടായി. ഇതുമൂലം രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര,പഞ്ചാബ്, ജമ്മുകാശ്മീർ,ത്ധാർഖണ്ഡ്, ഹരിയാന, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങിൽ പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ സ്ഥിതി അത്രത്തോളം ഗുരുതരമല്ല. പകൽ സമയത്ത് 2200 മെഗാവാട്ടാണ് സംസ്ഥാനത്തെ ആവശ്യം. എന്നാൽ രാത്രികാലത്ത് ഇത് 4300മെഗാവാട്ടായി ഉയരും. ഇൗ സമയത്താണ് കേന്ദ്രപൂളിൽനിന്നുള്ളതും കരാർ വൈദ്യുതിയും ഉപയോഗിക്കേണ്ടിവരിക. ഉഷ്ണകാലമായതിനാലും കാർമേഘങ്ങളുടെ സാന്നിദ്ധ്യവും മൂലം സംസ്ഥാനത്ത് രാത്രികാലതാപനില കൂടുതലാണ്. അതുകൊണ്ടുതന്നെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. നിലവിൽ 4580 മെഗാവാട്ടാണ് രാത്രികാല ഉപഭോഗം. ഇതിലേക്ക് 400 മുതൽ 500 മെഗാവാട്ടിന്റെ കുറവ് നേരിടുന്നുണ്ട്. ഇത് പരിഹരിക്കാനാണ് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുന്നത്. 15 മിനിട്ട് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തിയാൽ 130 മെഗാവാട്ട് ലാഭിക്കാം.